കൂട്ടക്കൊല തുടർന്ന് ഇസ്രയേൽ; ​ഗാസയിൽ 50 കുട്ടികളടക്കം 84 പേരെ കൊന്നു



ഗാസ സിറ്റി > ഗാസയിൽ അതിക്രൂരമായ കൂട്ടക്കൊല തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ജനവാസ മേഖലയിൽ ഉണ്ടായ രണ്ട് വ്യോമാക്രമണങ്ങളിലായി അൻപത് കുട്ടികളടക്കം 84 പേർ കൊല്ലപ്പെട്ടതായി ഗാസയുടെ ഔദ്യോ​ഗിക മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തു. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾ തകർന്ന് വീണ് നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. വടക്കൻ ​ഗാസയിലും മധ്യ​ഗാസയിലുമായാണ് ആക്രമണം ഉണ്ടായത്. മധ്യ​ഗാസയിലെ നുസയ്റത്തിലെ അഭയാർത്ഥികൾ താമസിക്കുന്ന സ്കൂളിലാണ് ഒരു ആക്രമണം ഉണ്ടായത്. ഇതിൽ 14 പേർ കൊല്ലപ്പെട്ടതായി അൽ-അവ്ദ ആശുപത്രിയിലെ മെഡിക്കൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഹമാസിനെ ലക്ഷ്യമിട്ടെന്ന പേരിൽ അഭയാർഥികൾ താമസിക്കുന്ന നിരവധി സ്കൂളുകളിൽ ഇസ്രയേൽ ഇതിനകം ആക്രമണം നടത്തിയിട്ടുണ്ട്. ആളുകളെ മൃഗങ്ങൾ വലിക്കുന്ന വണ്ടികളിലാണ് ആശുപത്രിയിലെത്തുന്നത്.  പ്രദേശം മുഴുവൻ ഇസ്രയേൽ സൈനിക ഡ്രോണുകളുടെ നിരീക്ഷണം ശക്തമായതിനാൽ രക്ഷാപ്രവർത്തകർക്ക് ആക്രമണം നടക്കുന്നിടങ്ങളിലേക്ക് എത്താൻ പ്രയാസമാണ്. ഗാസയിൽ സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ല എന്നതാണ് അവസ്ഥ.  തെക്കൻ ഗാസ പട്ടണമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസയിലെ മറ്റു സംഘടനകളുമായി ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഇസ് അൽ ദിൻ കസബ്, ഹമാസിന്റെ അവശേഷിച്ച ഉന്നത നേതാക്കളിൽ ഒരാളാണെന്നും സൈന്യം വ്യക്തമാക്കി. ഖാൻ യൂനിസിലും ഗാസ സിറ്റിയിലും ആക്രമണം രൂക്ഷമായി തുടരുകയാണ്. വടക്കൻ ഗാസയിലെ സ്ഥിതിഗതികൾ അതി ദയനീയമാണെന്നാണ് യുഎൻ ഏജൻസികൾ വ്യക്തമാക്കുന്നത്. സൈന്യത്തിന്റെ ആക്രമണങ്ങൾക്ക് പുറമെ രോഗം, പട്ടിണി തുടങ്ങിയവയാൽ ജനങ്ങൾ ഏത് നിമിഷവും മരണപ്പെടാം എന്ന അവസ്ഥയിലാണ്.‌‌ അഞ്ചാം തിയതി നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുൻപായി ഗാസയിലും ലബനനിലും വെടിനിർത്തൽനടപ്പാക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇസ്രായേൽ വീണ്ടും ആക്രമണം ശക്തമാക്കിയത്. താൽക്കാലികമായ വെടിനിർത്തലിന് ഹമാസ് തയ്യാറല്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സ്ഥിരമായ വെടിനിർത്തൽ എന്നതാണ് ഹമാസിന്റെ ആവശ്യം. 2023 ഒക്‌ടോബർ 7 ന് ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 43,259 പലസ്തീനികൾ കൊല്ലപ്പെടുകയും 1,01,827 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ഔദ്യോ​ഗിക കണക്ക്. ഇസ്രയേൽ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകരുടെ എണ്ണം 183 ആയി ഉയർന്നതായി ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ലെബനനിലും ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 45 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ​ഗാസക്കെതിരായ യുദ്ധം ആരംഭിച്ച് ഇതുവരെ ലബനനിൽ 2,867 പേർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. 13,047 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Read on deshabhimani.com

Related News