കെനിയയിൽ വീണ്ടും സ്കൂളിന്‌ തീപിടിച്ചു; രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം



നെയ്റോബി> കെനിയയിൽ  സ്കൂളിൽ വീണ്ടും തീപിടിത്തം. രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിതെന്ന്‌ പൊലീസ്‌ പറഞ്ഞു. സെൻട്രൽ മെരുവിലെ എൻജിയ ബോയ്സ് ഹൈസ്‌കൂളിലെ  ഡോർമറ്ററിയിലാണ്‌ അപകടം നടന്നത്‌.  വിദ്യാർഥികൾ അത്താഴം കഴിക്കുന്നതിനിടെ തീപിടിത്തമുണ്ടായെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ്‌ വ്യക്തമാക്കി.  150 ഓളം വിദ്യാർത്ഥികൾ താമസിക്കുന്ന കെട്ടിടമാണ്‌ പൂർണമായി കത്തിനശിച്ചത്‌. കഴിഞ്ഞ വ്യാഴാഴ്ച രാത്രി നെയ്‌റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിലും തീപിടിത്തം ഉണ്ടായിരുന്നു.  തീപിടിത്തത്തിൽ 21 ആൺകുട്ടികളാണ്‌ മരിച്ചത്‌. കഴിഞ്ഞ ശനിയാഴ്ചയും  ഐസിയോലോ കൗണ്ടിയിലെ ഗേൾസ് ഹൈസ്‌കൂളിലും  തീപിടുത്തം ഉണ്ടായി. വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും  എല്ലാ വിധ പിന്തുണയും നല്‍കുമെന്നും സ്‌കൂളില്‍ ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. അപകടത്തില്‍ പ്രസിഡന്റ് വില്യം റൂതോ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിന്റെ പിന്നിലെ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.   Read on deshabhimani.com

Related News