20 അവാമി നേതാക്കളുടെ മൃതദേഹം കണ്ടെത്തി; അവസാനിപ്പിച്ച പ്രക്ഷോഭം ബംഗ്ലാദേശില്‍ വീണ്ടും തുടങ്ങിയതെങ്ങനെ?
ധാക്ക > ബംഗ്ലാദേശില്‍ കലാപത്തില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ ഹസീനയുടെ പാര്‍ട്ടിയിലെ പ്രധാനപ്പെട്ട 20 നേതാക്കളുടെ നേതാക്കളുടെ മൃതദേഹം കണ്ടെത്തി. അവാമി ലീഗ് നേതാക്കളുടെ ശരീരങ്ങൾ രാജ്യത്തിന്റെ പല സ്ഥലങ്ങളിലായാണ് കണ്ടെത്തിയത്. നേതാക്കളുടെ വീടും ബിസിനസ് സ്ഥാപനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കുകയാണെന്ന് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ കൗണ്‍സിലറായ എംഡി ഷായുടെ, ധാക്കയില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെയുള്ള കോമില നഗരത്തിലെ വീട് അഗ്നിക്കിരയാക്കിയതായി ദൃക്‌സാക്ഷി പറഞ്ഞു. എം പി ഷഫീക്കുള്‍ ഇസ്ലാം ഷിമുളിന്റ വീട് കത്തിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബാല്‍ക്കണിയില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 1972ല്‍ നടപ്പാക്കുകയും 2010ല്‍ ചെറുമക്കളിലേക്ക് വ്യാപിക്കുകയും ചെയ്ത സ്വാതന്ത്ര്യസമരസേനാനി കുടുംബങ്ങള്‍ക്കുള്ള 30 ശതമാനം സംവരണം 2018 മുതല്‍ ബംഗ്ലാദേശില്‍ നിലവിലുണ്ടായിരുന്നില്ല. ഇത് പുനഃസ്ഥാപിക്കുന്നതിന് വഴിതെളിക്കുന്ന ഹൈക്കോടതി വിധിയാണ് വിദ്യാര്‍ഥി പ്രക്ഷോഭം വിളിച്ചുവരുത്തിയത്. എന്നാല്‍, വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുദ്രാവാക്യം സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങള്‍ക്ക് സംവരണമേ നല്‍കേണ്ട എന്നല്ല. അത് പരിഷ്‌കരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി ചെയ്തതും അതാണ്. 30 ശതമാനം സംവരണം അഞ്ചു ശതമാനമാക്കി കുറച്ചു. മൊത്തം സംവരണം 56 ശതമാനത്തില്‍നിന്ന് ഏഴു ശതമാനമാക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥികള്‍ ക്യാമ്പസുകളിലേക്ക് പിന്‍വാങ്ങിയതാണ്. എന്നാല്‍, ഷെയ്ഖ് ഹസീനയുടെ രാജി പ്രധാന ആവശ്യമായി ഉയര്‍ത്തി ഞായറാഴ്ച പൊടുന്നനേ സമരം വീണ്ടും ശക്തമാക്കുകയായിരുന്നു. ഇതില്‍ പങ്കെടുത്തവരില്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനെതിരായി നിലകൊണ്ട ശക്തികളുമുണ്ടെന്ന് പറയപ്പെടുന്നു. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ സമരത്തില്‍ നുഴഞ്ഞുകയറിയതായും നിരീക്ഷണങ്ങളുണ്ട്. ബംഗ്ലാദേശ് വിമോചനത്തെ പാകിസ്ഥാനൊപ്പം ചേര്‍ന്ന് എതിര്‍ത്തത് ജമാഅത്തെ ഇസ്ലാമിയാണ്. ഇസ്ലാമിക ഭരണം ലക്ഷ്യമാക്കുന്നവര്‍ക്ക് ജനാധിപത്യത്തോടും പ്രതിപത്തിയുണ്ടാകില്ലല്ലോ. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിലേക്ക് സുരക്ഷിതമാര്‍ഗം ഒരുക്കിയ സൈനികമേധാവി വഖാര്‍ ഉസ് സമാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിഎന്‍പി, ജാതിയ പാര്‍ടി (എച്ച്എം എര്‍ഷാദിന്റെ പാര്‍ടി), നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമി എന്നീ പാർടികളെയാണ് പ്രധാനമായും ക്ഷണിച്ചത്. ഇടതുപക്ഷ പുരോഗമന സ്വഭാവമുള്ള വര്‍ക്കേഴ്‌സ് പാര്‍ടിയെയും കമ്യൂണിസ്റ്റ് പാര്‍ടിയെയും ക്ഷണിക്കുകയുണ്ടായില്ല. ബിഎന്‍പി നേതാവ് ഖാലിദ സിയയെ ജയില്‍ മോചിതയാക്കുമെന്നും സൈനിക മേധാവി പ്രഖ്യാപിച്ചു. രാജ്യത്ത് രൂപീകരിക്കുമെന്നു പറയുന്ന ഇടക്കാല സര്‍ക്കാരില്‍ ജമാ അത്തെ ഇസ്ലാമിക്ക് മേല്‍ക്കൈ ലഭിക്കുമെന്നാണ് ഈ സംഭവവികാസങ്ങൾ നൽകുന്ന സൂചന. Read on deshabhimani.com