യുദ്ധക്കുറ്റം ന്യായീകരിച്ച്‌ ബൈഡൻ ; 
ചർച്ച റദ്ദാക്കി ജോർദാൻ



ടെൽ അവീവ്‌ ബുധനാഴ്ച ടെൽ അവീവിലെത്തിയ തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ടെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ച്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. ചൊവ്വാഴ്ച ഗാസ ആശുപത്രിയിലേക്കുണ്ടായ ആക്രമണം ഇസ്രയേലിന്റെ തെറ്റല്ലെന്നും മറുപക്ഷത്തുനിന്നുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽനിന്ന്‌ ഇസ്ലാമിക്‌ ജിഹാദ്‌ തൊടുത്ത റോക്കറ്റാണ്‌ ദിശതെറ്റി ആശുപത്രിയിൽ പതിച്ചതെന്ന്‌ ഇസ്രയേൽ സൈന്യവും സർക്കാരും പറഞ്ഞിരുന്നു. ഈ വാദത്തെ പരസ്യമായി പിന്തുണച്ച ബൈഡൻ, യുദ്ധമുഖത്ത്‌ ഇസ്രയേലുകാർ പ്രദർശിപ്പിക്കുന്ന സ്ഥൈര്യത്തെ അഭിനന്ദിക്കാനും മറന്നില്ല. എന്നും ഇസ്രയേലിനൊപ്പം അമേരിക്ക നിലകൊള്ളുമെന്നും ബൈഡൻ പറഞ്ഞു. അതിനിടെ അമേരിക്ക ഗാസയിലെയും വെസ്റ്റ്‌ ബാങ്കിലെയും സാധാരണക്കാർക്ക്‌ സഹായമെത്തിക്കാൻ 100 കോടി ഡോളർ വാഗ്‌ദാനം ചെയ്‌തു.  ഈജിപ്‌ത്‌ അതിർത്തിയിലൂടെ ഗാസയിലെ ജനങ്ങൾക്ക്‌ സഹായമെത്തിക്കാനും ധാരണയായി. എന്നാൽ, ഇതിനായി ഇസ്രയേൽ അതിർത്തി തുറന്നുനൽകില്ലെന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ബൈഡനുമായുള്ള 
ചർച്ച റദ്ദാക്കി ജോർദാൻ മധ്യ ഗാസയിലെ ആശുപത്രിയിലേക്കുണ്ടായ റോക്കറ്റ്‌ ആക്രമണത്തെ തുടർന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോർദാൻ. പലസ്തീൻകാർക്കുനേരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാതെ ബൈഡനുമായി ചർച്ചയ്ക്കില്ലെന്ന്‌ ജോർദാൻ വിദേശമന്ത്രി അയ്‌മൻ സഫാദി പറഞ്ഞു. ബൈഡൻ ബുധനാഴ്ച ജോർദാനിലെ അമ്മാനിലെത്തി ഭരണാധികാരി അബ്ദുള്ള, പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌, ഈജിപ്ത്‌ പ്രസിഡന്റ്‌ അബ്‌ദേൽ ഫത്താ അൽസിസി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്‌ അറിയിച്ചിരുന്നത്‌. ആക്രമണം ഉണ്ടായ ഉടൻ, കൂടിക്കാഴ്ച റദ്ദാക്കുന്നതായി അബ്ബാസ്‌ പ്രഖ്യാപിച്ചിരുന്നു.   Read on deshabhimani.com

Related News