പിഴയടച്ച് നിലപാട് തിരുത്തി മസ്ക്; എക്സിന്റെ വിലക്ക് ബ്രസീൽ പിൻവലിച്ചു



സാവോ പോളോ > സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ബ്രസീൽ. രാജ്യവ്യാപകമായി വിലക്കേർപ്പെടുത്തി ഒരു മാസത്തിനു ശേഷമാണ് എക്സിന് വീണ്ടും രാജ്യത്ത് സേവനം നടത്താമെന്ന് ബ്രസീലിയൻ സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസ് അറിയിച്ചത്. രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ആ​ഗസ്ത് മുപ്പതിനാണ് സുപ്രീംകോടതി എക്സിന് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. മാസങ്ങളായി എക്സ് സിഇഒ ഇലോൺ മസ്കും ബ്രസീൽ സുപ്രീംകോടതിയും തമ്മിൽ തർക്കം നടക്കുകയായിരുന്നു. 2022 ലെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ വോട്ടിങ് സമ്പ്രദായത്തെ അട്ടിമറിക്കാൻ ശ്രമിച്ച മുൻ തീവ്ര വലതുപക്ഷ പ്രസിഡൻ്റ് ജെയ്ർ ബൊൽസനാരോയുടെ അനുയായികളുടെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ മോറസ് ഉത്തരവിട്ടതോടെയാണ് തർക്കം ആരംഭിച്ചത്. 2023ൽ നിലവിലെ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവക്കെതിരെ ബൊൽസനാരോ അട്ടിമറി ശ്രമം നടത്തിയോ എന്നതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ജനാധിപത്യത്തിനെതിരായതും വ്യാജമായതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നു എന്ന് കാട്ടി മുൻ കോൺഗ്രസ് അംഗവും തീവ്ര വലതുപക്ഷ നേതാവുമായ ഡാനിയൽ സിൽവേര ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മരിവിപ്പിക്കാനായിരുന്നു കോടതി നിർദേശം. 2022-ൽ സുപ്രീം കോടതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ ഒമ്പത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഡാനിയൽ സിൽവേര. ഇയാളുടേതുൾപ്പെടെ ഏപ്രിലിൽ നിരോധിച്ച ചില അക്കൗണ്ടുകൾ വീണ്ടും സജീവമാക്കിയെന്ന് കാട്ടി മസ്‌കിനെതിരെയും അന്വേഷണത്തിന് ജസ്റ്റിസ് മോറസ് ഉത്തരവിട്ടു. കോടതി ഉത്തരവ് പാലിക്കാൻ തയാറായില്ലെങ്കിൽ കമ്പനിയുടെ മുൻ നിയമ പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് മോറസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എക്‌സിൻ്റെ ബ്രസീലിലെ ബിസിനസ് പ്രവർത്തനങ്ങൾ മസ്ക് അവസാനിപ്പിച്ചു. അതോടെ രാജ്യത്ത് ഇനി പ്രവർത്തിക്കണമെങ്കിൽ പുതിയ നിയമ പ്രതിനിധിയെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ മസ്ക് ഇതിന് തയാറായില്ല. തുടർന്ന് എക്സ് ബ്ലോക്ക് ചെയ്യാൻ കോടതി ബ്രസീൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന് ഉത്തരവ് നൽകുകയായിരുന്നു. നിയമങ്ങൾ അനുസരിക്കാത്തതിന് എക്സിന് പിഴയും ചുമത്തി. സ്വയം ജഡ്ജിയായി ചമയുന്ന ദുഷ്ട ഏകാധിപതി എന്നായിരുന്നു മോറസിന്റെ ഉത്തരവിനോട് ഇലോൺ മസ്ക് പ്രതികരിച്ചത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ എക്സ് ഉപയോക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ബ്രസീൽ. രണ്ട് കോടിയിലധികം എക്സ് ഉപയോക്താക്കളാണ് ബ്രസീലിലുള്ളത്. വിലക്ക് കാര്യമായി ബാധിച്ചതോടെ മസ്ക് പത്തി മടക്കി. 51 ലക്ഷം ഡോളർ പിഴയടക്കുകയും രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാമെന്ന് സമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇപ്പോൾ പ്ലാറ്റ്ഫോമിന്റെ വിലക്ക് നീക്കിയത്. വിലക്ക് നീങ്ങുന്നതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു കോടതി ഉത്തരവിന്മേലുള്ള കമ്പനിയുടെ ഔദ്യോഗിക പ്രതികരണം. Read on deshabhimani.com

Related News