യുഎൻ സമാധാന സേനയുടെ ആക്‌ടിങ് കമാൻഡർ ബ്രിഗേഡിയർ അമിതാഭ് ഝാ അന്തരിച്ചു
ന്യൂയോർക്ക് > യുഎൻ സമാധാന സേനയുടെ ആക്‌ടിങ് കമാൻഡർ ബ്രിഗേഡിയർ അമിതാഭ് ഝാ അന്തരിച്ചു. യുഎൻ ഡിസംഗേജ്‌മെന്റ് ഒബ്സർവർ ഫോഴ്‌സിന്റെ (യുഎൻഡിഒഎഫ്) ഡെപ്യൂട്ടി ഫോഴ്‌സ് കമാൻഡറായി (ഡിഎഫ്‌സി) ഗോലാൻ ഹൈറ്റ്‌സിൽ സേവനമനുഷ്ഠിച്ചിരുന്നു ബ്രിഗേഡിയർ അമിതാഭ് ഝാ. അദ്ദേഹം ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സൈന്യവും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. മരണത്തിൽ ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി. ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന സൈനികർ അനുശോചനം അറിയിച്ചു. ഝായുടെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരും. അസദ് സർക്കാരിന്റെ പതനത്തിനു ശേഷം യുഎൻഡിഒഎഫിന്റെ ആക്ടിംഗ് ഫോഴ്‌സ് കമാൻഡറായി ഝാ സേവനമനുഷ്ഠിച്ചിരുന്നു. 2023 ഏപ്രിൽ 14-നാണ് ബ്രിഗേഡിയർ ഝാ യുഎൻഡിഒഎഫിൽ ചേരുന്നത്. "2005 മുതൽ 2006 വരെ സൈനിക നിരീക്ഷകൻ എന്ന നിലയിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുഎൻ ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷനിൽ ഉൾപ്പെടെ, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലനത്തിനുള്ള പല യത്‌നങ്ങളിലും ഝാ നടത്തിയ ഇടപെടലുകളും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും എക്കാലവും ഓർമിക്കപ്പെടുമെന്ന്" യുഎൻ സെക്രട്ടറി ജനറൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. Read on deshabhimani.com