വി​ദേശികളുടെ വരവ് തടയാൻ നയമാറ്റം; നിയന്ത്രണങ്ങൾ കർശനമാക്കി കാനഡ

ചിത്രം: വിക്കിമീഡിയ കോമൺസ്


ഒട്ടാവ> വിദേശ വിദ്യാർഥികൾക്കും ഇന്ത്യക്കാർക്കുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കി കാനഡ. രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി വിദേശ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നും  വിദേശ തൊഴിലാളി നിയമങ്ങൾ കർശനമാക്കുമെന്നും കാനഡ സർക്കാർ വ്യക്തമാക്കി. കാനഡയുടെ പുതിയ തീരുമാനം നിരവധി ഇന്ത്യക്കാരെയാണ്‌ ബാധിക്കുക. ഈ വർഷം വിദേശ വിദ്യാർഥികൾക്ക്‌ നൽകുന്ന പെർമിറ്റ്‌ 35% കുറയ്ക്കുമെന്നും അടുത്ത വർഷം അതിന്റെ 10% കൂടി കുറക്കുമെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എക്‌സിൽ കുറിച്ചു. 'കുടിയേറ്റം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു നേട്ടമാണ്. എന്നാൽ മോശം ആളുകൾ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും വിദ്യാർഥികളെ മുതലെടുക്കുകയും ചെയ്യുമ്പോൾ, അത്‌ നമ്മൾ തകർക്കു'മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നയത്തിലൂടെ വിവിധ മേഖലകളിൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയും, താൽക്കാലിക തൊഴിലാളികളുടെയും വിദ്യാർഥികളുടെയും വർക്ക് പെർമിറ്റ് രണ്ട് വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറക്കും, പെർമനന്റ് റസിഡൻസി അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും, അന്താരാഷ്ട്ര വിദ്യാർഥികളെ രാജ്യത്തേക്ക് എത്തിക്കുന്നത് കുറക്കും തുടങ്ങിയ മാറ്റങ്ങളാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിൽ ജനസംഖ്യാ വളർച്ച അതിവേഗം വർദ്ധിക്കുന്നതും തൊഴിലില്ലായ്മയും ആണ് മാറ്റങ്ങൾക്ക് പിന്നിൽ.  കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ കാനഡയിലെ ജനസംഖ്യാ വളർച്ചയുടെ ബഹുഭൂരിപക്ഷവും (ഏകദേശം 97 ശതമാനം) കുടിയേറ്റം മൂലമാണ്. ട്രൂഡോയും അദ്ദേഹത്തിന്റെ സർക്കാരും സേവനങ്ങളും താമസ സൗകര്യങ്ങളും വർദ്ധിപ്പിക്കാതെ കുടിയേറ്റം വർദ്ധിപ്പിക്കുകയാണെന്ന്  വിമർശനമുണ്ട്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 6.4 ശതമാനമായി വർദ്ധിച്ചു. രാജ്യത്തുടനീളം 14 ലക്ഷം ആളുകൾക്ക് ജോലിയില്ല.  വിദേശ തൊഴിലാളികളുടെയും അഭയാർഥികളുടെയും എണ്ണം വർദ്ധിക്കുന്നത് മൂലം പൊതു സേവനങ്ങളിലടക്കം സമ്മർദ്ദം വർദ്ധിക്കുന്നുവെന്നും ഇത് തദ്ദേശീയരുടെ എതിർപ്പിന് ഇടയാക്കുന്നതായും റിപ്പോർട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെര‍ഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് ട്രൂഡോ സർക്കാർ ഇപ്പോൾ നയമാറ്റവുമായി മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേകളിൽ ട്രൂഡോ പിന്നിലാണ്. കാനഡയിലേക്ക് ഏറ്റവുമധികം അന്താരാഷ്ട്ര വിദ്യാർഥികളെയെത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ൽ 2,20,000 പുതിയ വിദ്യാർഥികളാണ്‌ ഇന്ത്യയിൽ നിന്നും കാനഡയിലേക്കെത്തിയത്‌. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 18 ലക്ഷം ഇന്ത്യൻ വംശജർ ഉൾപ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാർ ഇപ്പോൾ കാനഡയിൽ താമസിക്കുന്നു. രാജ്യത്ത് താൽക്കാലികമായി താമസിക്കുന്നവരുടെ എണ്ണം  മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് കനേഡിയൻ സർക്കാരിന്റെ പദ്ധതി. കഴിഞ്ഞ ഏപ്രിലിലെ കണക്ക് പ്രകാരം അത് 6.8 ശതമാനം ആയിരുന്നു. രാജ്യത്ത് എത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കുന്നതിനായി ജീവിത ചെലവ് ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അടുത്തിടെ കാനഡ പ്രഖ്യാപിച്ചിരുന്നു. കാനഡയുടെ പുതിയ നയം ഇന്ത്യൻ വിദ്യാർഥികളെ എങ്ങനെ ബാധിക്കും ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കാനഡ . കഴിഞ്ഞ മാസം  ഇന്ത്യൻ ഗവൺമെന്റ്‌ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 13.35 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ്‌ വിദേശത്ത് പഠിക്കുന്നത്‌. ഇതിൽ ഏകദേശം 4.27 ലക്ഷം  കാനഡയിലാണ് . 2013 നും 2022 നും ഇടയിൽ കാനഡയിലേക്ക് പഠിക്കാൻ പോയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 260 ശതമാനം വർധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. ഈ വർഷം ആദ്യം റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കാനഡയിലെ വിദേശ വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ്‌. We’re granting 35% fewer international student permits this year. And next year, that number’s going down by another 10%. Immigration is an advantage for our economy — but when bad actors abuse the system and take advantage of students, we crack down. — Justin Trudeau (@JustinTrudeau) September 18, 2024 Read on deshabhimani.com

Related News