വി​ദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കാൻ കാനഡ: ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

ചിത്രം: വിക്കിമീഡിയ കോമൺസ്


ഒട്ടാവ > താൽക്കാലിക വി​ദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കാനുള്ള നടപടികളുമായി കാനഡ. ഇതിനായി രാജ്യത്ത് നിലനിൽക്കുന്ന താൽക്കാലിക തൊഴിൽ നയത്തിൽ കാതലായ മാറ്റം കൊണ്ടുവന്നതായി  പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള പതിനായിരക്കണക്കിന് വിദേശ തൊഴിലാളികളെയും വിദ്യാർഥികളെയും ബാധിക്കുന്ന നയം സെപ്തംബർ 26 മുതൽ നടപ്പാക്കും. താൽക്കാലിക താമസക്കാരുടെ എണ്ണം വർദ്ധിക്കുന്നതും തൊഴിലില്ലായ്മ കൂടുന്നതുമാണ് നീക്കത്തിന് പിന്നിൽ എന്നാണ് വിലയിരുത്തൽ. കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 6.4 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 1.4 ദശലക്ഷം ആളുകൾ തൊഴിലില്ലാത്തവരായി കണക്കാക്കപ്പെടുന്നു.  വിദേശ തൊഴിലാളികളുടെയും അഭയാർഥികളുടെയും എണ്ണം വർദ്ധിക്കുന്നത് മൂലം പൊതു സേവനങ്ങളിലടക്കം സമ്മർദ്ദം വർദ്ധിക്കുന്നുവെന്നും ഇത് തദ്ദേശീയരുടെ എതിർപ്പിന് ഇടയാക്കുന്നതായും റിപ്പോർട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് തിരക്കിട്ട നീക്കങ്ങൾ. കനേഡിയൻ പൗരത്വം (സ്ഥിരതാമസക്കാരെ) അംഗീകരിക്കുന്ന കാര്യത്തിലും സാധ്യമായ മാറ്റങ്ങൾ സർക്കാർ ചർച്ച ചെയ്യുന്നുണ്ടെന്നും ട്രൂഡോ പറഞ്ഞു. എന്താണ് കാനഡയിലെ താൽക്കാലിക തൊഴിൽ നയം? വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ ഹ്രസ്വകാല അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ കാനഡയിലേക്ക് എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് കാനഡയു‌ടെ ടെമ്പററി ഫോറിൻ വർക്കേഴ്സ് പ്രോ​ഗ്രാം. കൊവിഡിന് ശേഷം വിദേശ കുടിയേറ്റം ശക്തമായതോടെയാണ് കുറഞ്ഞ വേതന നിരക്കിലുള്ള ജോലികൾ വ്യാപകമായത്. കടുത്ത തൊഴിൽ ക്ഷാമം നേരിടുന്ന ബിസിനസ് ഉടമകളെ സഹായിക്കുന്നതിന് ഇത്തരം നടപടികൾ ആവശ്യമാണെന്ന വ്യവസായ മേഖലയുടെ ആവശ്യം സർക്കാർ പരിഗണിക്കുകയായിരുന്നു. എന്നാൽ ഈ നയം വലിയ തൊഴിൽ ചൂഷണത്തിന് ഇടയാക്കുന്നതായി വിമർശനങ്ങളുണ്ട്. കുറഞ്ഞ വേതനം, ശാരീരികവും വൈകാരികവും വാക്കാലുള്ളതുമായ ദുരുപയോഗം, അമിത ജോലി സമയം, പരിമിതമായ ഇടവേളകൾ, കരാറിന് പുറമേയുള്ള ജോലികൾ, സുരക്ഷിതത്വമില്ലായ്മ, രേഖകൾ പിടിച്ചുവെക്കൽ തുടങ്ങിയവ ഈ മേഖലയിൽ വ്യാപകമാണെന്ന് റിപ്പോർട്ടുകളും പഠനങ്ങളും വ്യക്തമാക്കുന്നു. "സമകാലിക അടിമത്തത്തിൻ്റെ പ്രജനന കേന്ദ്രം" എന്നാണ് അടുത്തിടെ യുഎൻ പ്രത്യേക റിപ്പോർട്ടർ കാനഡയുടെ താൽക്കാലിക തൊഴിൽ നയത്തെ വിശേഷിപ്പിച്ചത്.  കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ ലഭിക്കുന്നത് കൊണ്ടു തന്നെ പല ജോലികളിലും  കനേഡിയൻ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകൾ വിസമ്മതിക്കുന്നുണ്ട്. ഇതി മൂലം വിദ​ഗ്ധരായ പല കാനഡക്കാർക്കും രാജ്യത്ത് തൊഴിൽ ലഭിക്കുന്നില്ല എന്നാണ് എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് മന്ത്രാലയം വ്യക്തമാക്കുന്നത്. കനേഡിയൻ കമ്പനികൾ കുറഞ്ഞ ചെലവിൽ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിനു പകരം സ്വദേശിവൽക്കരണത്തിന് പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി ട്രൂഡോ ആവശ്യപ്പെടുന്നു. തദ്ദേശീയവരായവർക്ക് തൊഴിൽ-സാങ്കേതിക വിദ്യകൾ കൈമാറേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയിലെ തൊഴിൽ വിപണി മാറിയെന്നും കനേഡിയൻ തൊഴിലാളികൾക്കും യുവാക്കൾക്കും വേണ്ടി നിക്ഷേപം നടത്താനുള്ള സമയമാണിതെന്ന് ട്രൂഡോ പ്രതികരിച്ചു. നല്ല ജോലി കണ്ടെത്താൻ പാടുപെടുന്ന കാനഡക്കാരോടുള്ള ന്യായവും ചൂഷണങ്ങൾക്കു വിധേയരാകുന്ന വിദേശ തൊഴിലാളികളോടുള്ള നീതിയുമാണീ നയമാറ്റം എന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് സുപ്രധാന മാറ്റങ്ങൾ ● തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനം അല്ലെങ്കിൽ അതിൽ കൂടുതലുള്ള മേഖലകളിൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയും. ● തൊഴിലുടമകൾക്ക് നയമിക്കാനാകുന്ന കുറഞ്ഞ വേതനമുള്ള (മണിക്കൂറിന് 27.47 ഡോളറിൽ താഴെ)  താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം മൊത്തം തൊഴിൽശേഷിയുടെ വിഹിതം 10 ശതമാനം ആയി കുറയ്ക്കും. ● കുറഞ്ഞ വേതനമുള്ള താൽക്കാലിക വിദേശ തൊഴിലാളികളുടെ പെർമിറ്റ് രണ്ട് വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറക്കും എന്നീ മാറ്റങ്ങളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി, ഭക്ഷ്യ സംസ്കരണം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെയുള്ള ചില മേഖലകളെ ഈ മാറ്റങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. വിദേശ തൊഴിലാളികൾക്കും അന്തർദേശീയ വിദ്യാർ‌ഥികൾക്കും അഭയം തേടുന്നവർക്കും ഈ പരിധി ബാധകമായിരിക്കും. തീരുമാനം ഇന്ത്യക്കാർക്ക് തിരിച്ചടി കാനഡയിലെ ജനസംഖ്യയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനവാണിപ്പോൾ രേഖപ്പെടുത്തുന്നത്. കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ കാനഡയിലെ ജനസംഖ്യാ വളർച്ചയുടെ ബഹുഭൂരിപക്ഷവും (ഏകദേശം 97 ശതമാനം) കുടിയേറ്റം മൂലമാണ്. ട്രൂഡോയും അദ്ദേഹത്തിൻ്റെ സർക്കാരും സേവനങ്ങളും താമസ സൗകര്യങ്ങളും വർദ്ധിപ്പിക്കാതെ കുടിയേറ്റം വർദ്ധിപ്പിക്കുകയാണെന്ന് വലിയ വിമർശനമുണ്ട്. എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡയുടെ കണക്കനുസരിച്ച് 2023-ൽ ഏകദേശം 1,83,820 താൽക്കാലിക വിദേശ തൊഴിലാളി പെർമിറ്റുകൾ സർക്കാർ ഇഷ്യൂ ചെയ്‌തു. 2019 നെ അപേക്ഷിച്ച് 88 ശതമാനം കൂടുതലാണിത്.  2024-ൻ്റെ ആദ്യ പാദത്തിൽ, താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൻ്റെ കുറഞ്ഞ വേതന സ്‌ട്രീം വഴി 28,730 പേരെ നിയമിക്കുന്നതിന് തൊഴിലുടമകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. കാനഡയിലെ ഇന്ത്യൻ സമൂഹം സമീപ വർഷങ്ങളിൽ ഗണ്യമായി വളർന്നു. ഇന്ത്യയിൽ നിന്നുള്ള 26,495 തൊഴിലാളികളാണ് താത്കാലിക ഫോറിൻ വർക്കർ പ്രോഗ്രാമിന് കീഴിൽ 2023-ൽ കാനഡയിലേക്ക് എത്തിയത്. 2022-ൽ 2,20,000 പുതിയ വിദ്യാർഥികളെ ഇന്ത്യയിൽ നിന്നും കാനഡയിലേക്കെത്തി. കാനഡയിലേക്ക് ഏറ്റവുമധികം അന്താരാഷ്ട്ര വിദ്യാർഥികളെയെത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. 2000 നും 2020 നും ഇടയിൽ, രജിസ്റ്റർ ചെയ്ത ഇന്ത്യൻ ജനസംഖ്യ 6,70,000 ൽ നിന്ന് പത്ത് ലക്ഷമായി വർദ്ധിച്ചു. 2020 ലെ കണക്ക് പ്രകാരം 10,21,356 രജിസ്റ്റർ ചെയ്ത ഇന്ത്യക്കാർ കാനഡയിൽ താമസിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 18 ലക്ഷം ഇന്ത്യൻ വംശജർ ഉൾപ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാർ ഇപ്പോൾ കാനഡയിൽ താമസിക്കുന്നു. രാജ്യത്ത് താൽക്കാലികമായി താമസിക്കുന്നവരുടെ എണ്ണം  മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാനാണ് കനേഡിയൻ സർക്കാരിന്റെ പദ്ധതി. കഴിഞ്ഞ ഏപ്രിലിലെ കണക്ക് പ്രകാരം അത് 6.8 ശതമാനം ആയിരുന്നു. ഇപ്പോഴത്തെ നടപടികൾ താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 65,000 ആയി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംപ്ലോയ്‌മെൻ്റ് മന്ത്രി റാണ്ടി ബോയ്‌സോണോൾട്ട് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യത്ത് എത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കുന്നതിനായി വിദേശ വിദ്യാർഥികൾക്കുള്ള ജീവിത ചെലവ് ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അടുത്തിടെ കാനഡ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ ഇന്ത്യക്കാരെ ബാധിക്കുന്ന കാനഡയുടെ നയമാറ്റത്തിന് പിന്നിൽ അടുത്തിടെ ഉണ്ടായ നയതന്ത്ര രംഗത്തെ വിള്ളലാണ് എന്ന അഭിപ്രായങ്ങളുമുണ്ട്. സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജൻസികൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് ശേഷം ഇരുരാജ്യങ്ങളും അത്ര രസത്തിലല്ല. ഇന്ത്യയും കാനഡയും തമ്മിലുള്ള രാഷ്‌ട്രീയ സംഘർഷമായി വിഷയം പിന്നീട് മാറിയിരുന്നു. Read on deshabhimani.com

Related News