കോവിഡ് വകഭേദങ്ങളെ ചെറുക്കാൻ പുതിയ നാനോ വാക്സിനുമായി ചൈന
വുഹാൻ> കോവിഡ് വകഭേദങ്ങളെ ചെറുക്കാൻ പുതിയ നാനോ വാക്സിൻ വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ചൈനയിലെ വുഹാൻ ലാബിലെ ശാസ്ത്രജ്ഞരാണ് പുതിയ വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കോവിഡ് -19 വകഭേദങ്ങളെയും ഭാവിയിൽ അവയ്ക്ക് സംഭവിക്കാൻ സാധ്യതയുള്ള മ്യൂട്ടേഷനുകൾക്കെതിരെയുമാണ് പുതിയ നാനോ വാക്സിൻ വികസിപ്പിച്ചിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കോവിഡിന്റെ വ്യാപനം തടയുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിലും നിലവിലെ വാക്സിനുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിലവിലുള്ള വാക്സിനുകൾ വൈറസിന്റെ എല്ലാ വകഭേദങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ പ്രാപ്തമല്ലെന്നതിനാൽ പുതിയ നാനോ വാക്സിൻ വികസിപ്പിച്ചെടുത്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. പുതുതായി വികസിപ്പിച്ചെടുത്ത നാനോ വാക്സിൻ ഡെൽറ്റ, ഒമിക്രോൺ, സാർസ് മുതലായ വൈറസുകളെ ചെറുക്കാൻ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. കോവിഡ് 19ന്റെ അപകടസാധ്യത കുറഞ്ഞിട്ടുണ്ടെങ്കിലും, വൈറസിന് മ്യൂട്ടേഷനുകൾ സംഭവിക്കുന്നതിനാൽ വൈറസുകൾ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ അത്തരം സാധ്യതകൾ തടയുന്നതിനായാണ് പുതിയ വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. നാനോ വാക്സിൻ ആദ്യം എലികളിലാണ് പരീക്ഷിച്ചത്. വാക്‌സിൻ എടുത്ത എലികളിൽ ഒമിക്രോൺ, ഡെൽറ്റ മുതലായ വൈറസുകളെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉൽപ്പാദിപ്പിക്കപ്പെട്ടതായി ശാസ്ത്രജ്ഞർ പറഞ്ഞു. Read on deshabhimani.com