ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊന്നു; 47കാരന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി
ബീജിങ് > ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ 47 കാരന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. കടം വീട്ടാനും വേശ്യാവൃത്തിയിൽ ഏർപ്പെടാനും പണം കണ്ടെത്താനാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ചൈനയിലെ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ സിസിടിവി റിപ്പോർട്ട് പ്രകാരം ലീ എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 2022 ഡിസംബറിൽ ലിയോണിംഗ് ഹയർ പീപ്പിൾസ് കോടതി ഇയാളെ മനഃപൂർവമായ നരഹത്യയ്ക്ക് ശിക്ഷിച്ചിരുന്നു. എന്നാൽ വധശിക്ഷ നടപ്പാക്കിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. 2021 മെയ് 5നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ലീയും 46കാരിയായ ഭാര്യയും ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയനിൽ നിന്നും ഷാൻഡോങ് പ്രവിശ്യയിലെ യാന്റായിലേക്ക് യാത്ര ചെയ്യുമ്പോൾ ബോട്ടിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 45 മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. ലീ ഷാങ്ഹായിൽ റസ്റ്റോറന്റ് നടത്തിവരികയായിരുന്നു. ഇയാൾക്ക് വലിയ കടബാധ്യതയുണ്ടായിരുന്നതായാണ് വിവരം. 2020ലാണ് ഇയാൾ 46- കാരിയെ വിവാഹം ചെയ്തത്. വിവാഹത്തെക്കുറിച്ച് ലീയുടെ കുടുംബം അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിവാഹത്തിന് പിന്നാലെ ഭാര്യയുടെ പേരിൽ ഇയാൾ നാല് ഇൻഷുറൻസ് പോളിസികളെടുത്തിരുന്നു. ഇവ ഏകദേശം 12 ദശലക്ഷം യുവാൻ മൂല്യമുള്ള പോളിസിയായിരുന്നു. കേസ് അന്വേഷണം നടക്കുമ്പോൾ കൊലപാതകത്തിൽ പങ്കില്ലെന്ന് തെളിയിക്കാൻ ലീ ശ്രമിച്ചിരുന്നു. എന്നാൽ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടായി. ദൃശ്യങ്ങൾ പരിശോധിച്ച് ലീ തന്നെയാണ് കുറ്റവാളിയെന്ന് കണ്ടെത്തുകയായിരുന്നു. 2022 ജൂലൈയിലെ ആദ്യ വിചാരണയിൽ ഇയാൾക്ക് കൊലപാതക കുറ്റത്തിന് ശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ കുറ്റകൃത്യത്തിൻറെയും കോടതി വിധിയുടെയും വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവിടുന്നത്. Read on deshabhimani.com