അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് ഗള്‍ഫ്
മനാമ> അതിശൈത്യത്തില്‍ ഗള്‍ഫ് തണുത്തുവിറയ്ക്കുന്നു. കുവൈത്തിലും സൗദിയുടെ മലയോര മേഖലകളിലും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്തി. ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍ എന്നിവടങ്ങളിലും തണുപ്പ് അതിശക്തമായി. പശ്ചിമേഷ്യയെ ബാധിച്ച ശക്തമായ ധ്രുവ തരംഗമാണ് അതിശൈത്യത്തിന് കാരണം. തിങ്കളാഴ്ചയാണ് തണുപ്പുമായി ധ്രുവ തരംഗം ഗള്‍ഫിലെത്തിയത്. മൂന്നു ദിവസമായി കുവൈത്തില്‍ പലയിടത്തും രാത്രി താപനില മൈനസിലാണ്. ബുധനാഴ്ച രാവിലെ ഏഴിന് തലസ്ഥാനമായ കുവൈത്ത് സിറ്റിയില്‍ താപനില ഒരു ഡിഗ്രിയായിരുന്നു. സ്‌കൂളുകളില്‍ ഹാജര്‍ നില ഗണ്യമായി കുറഞ്ഞു. രാജ്യത്തിന്റെ മതു പ്രദേശങ്ങളില്‍ താപനില മൈനസ് രണ്ടിലും താഴെയാണ്. സൗദിയില്‍ തലസ്ഥാനമായ റിയാദില്‍ ബുധനാഴ്ച രാവിലെ എട്ടിന് താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസിലേക്കു താഴ്ന്നു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ താപനില മൈനസിലാണ് രേഖപ്പടുത്തുന്നത്. വടക്കന്‍ അതിര്‍ത്തി നഗരങ്ങളായ തുറൈഫ്, സകാക, അബഹ, റഫ്ഹ, തബൂക്ക്, അറാര്‍, ഹായില്‍, ഹഫര്‍ അല്‍ ബാത്തിന്‍, ഖുറയാത്ത് എന്നിവടങ്ങളെല്ലാം അതിശൈത്യത്തിന്റെ പിടിയിലാണ്. ഹഫര്‍ അല്‍ബാത്തിനില്‍ ബുധനാഴ്ച രാവിലെ ഏഴിന് താപനില മൈനസ് 2 ഡിഗിയും റഫ്ഹയില്‍ രാവിലെ അഞ്ചിന് മൈനസ് 3 ഡിഗ്രിയും ഖുറയ്യാത്തില്‍ മൈനസ് ഒരു ഡിഗ്രിയും അറാറില്‍ മൈനസ് ഒരു ഡിഗ്രിയും രേഖപ്പെടുത്തി. തുറൈഫില്‍ ബുധനാഴ്ച രാവിലെ എഴിന് മൂന്നു ഡിഗ്രി, ബുറൈദയില്‍ രാവിലെ ഏഴിന് 1 ഡിഗ്രിയും തബൂക്കില്‍ രണ്ടു ഡിഗ്രിയും സകാകയില്‍ രണ്ടു ഡിഗ്രയുമായിരുന്നു താപനില. തബൂക്ക്, ഹായില്‍ എന്നിവടങ്ങളിലെല്ലാം മഞ്ഞു വീഴ്ചയും ശക്തമാണ്. തുറൈഫിലും ഹസ്മുല്‍ജലാമീദിലും ചൊവ്വാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. തബൂക്ക്, ഹായില്‍ എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. ബഹ്‌റൈനില്‍ കൊടും തണുപ്പാണ് രണ്ടു ദിവസമായി അനുഭവപ്പെടുന്നത്. ബുധനാഴ്ച രാവിലെയും രാത്രിയും ശരാശരി താപനില 10 ഡിഗ്രിയാണ്. ഇതോടൊപ്പം ശീതക്കാറ്റുമുണ്ട്. Read on deshabhimani.com