അമേരിക്കയിൽ മരണം ലക്ഷത്തിലേക്ക്
വാഷിങ്‌ടൺ > അമേരിക്കയിൽ കോവിഡ് മഹാമാരിയിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. ശനിയാഴ്‌ച രാത്രിവരെ 97,696 പേരാണ് മരിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം നടന്ന രാജ്യമാണ് അമേരിക്ക. ആകെ 1,648,283 പേർക്ക് രോഗം ബാധിച്ചതായി ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയിലെ സെന്റർ ഫോർ സിസ്‌റ്റം സയൻസ് ആൻഡ് എൻജിനിയറിങ് (സിഎസ്‌എസ്‌ഇ) അറിയിച്ചു. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. 367,936. മരണവും ഏറ്റവും കൂടുതൽ നടന്നത് ഇവിടെയാണ്. 29,009. ന്യൂജേഴ്‌സിയിൽ 10,986 പേരും മസാചുസെറ്റ്‌സിൽ 6,228 പേരും മിഷിഗണിൽ 5,158 പേരും മരിച്ചു. അതേസമയം, രണ്ടാംഘട്ട രോഗവ്യാപനം പ്രതിരോധിക്കാൻ രാജ്യം അടച്ചിടില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ആശങ്കയുളവാക്കുന്നതായി ആരോഗ്യമേഖലയിലെ വിദഗ്‌ധർ പറഞ്ഞു. നിയന്ത്രണങ്ങൾ നീക്കിയാൽ രാജ്യത്ത് ഇനിയും കൂടുതൽ പേർ മരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ബ്രസീലും കുതിക്കുന്നു ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിലും രോഗബാധിതരുടെ എണ്ണം വൻതോതിൽ കൂടി. ബ്രസീൽ കോവിഡിന്റെ പുതിയ പ്രഭവകേന്ദ്രമായി മാറിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഔദ്യോഗിക കണക്കുപ്രകാരം 334,777 രോഗബാധിതരുണ്ട്. 21,215 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ 1001 പേർ മരിച്ചു. എന്നാൽ, യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. റഷ്യയിൽ ആകെ രോഗികൾ 326,488ആയി. 3,249 മരണം. ഇറ്റലിയിൽ 228,658 പേർ രോഗബാധിതരായി. 32,616 പേർ മരിച്ചു. സ്‌പെയിനിൽ വെള്ളിയാഴ്ച മാത്രം 688 പേർ മരിച്ചു. വ്യാഴാഴ്ച 52 പേർ മാത്രമായിരുന്നു മരിച്ചത്. സ്‌പെയിനിൽ നിയന്ത്രണങ്ങളിൽ നീക്കണമെന്നാവശ്യപ്പെട്ട് തീവ്രവലതുപക്ഷ അനുഭാവികൾ പ്രതിഷേധിച്ചു.ബ്രിട്ടനിൽ 254,195 പേർ രോഗബാധിതരായി. 36,393 പേർ മരിച്ചു. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,340,192 ആയി. 340,699 പേർ മരിച്ചു. Read on deshabhimani.com