യുദ്ധഭീതിയിൽ പശ്‌ചിമേഷ്യ ; ലബനനിലേക്ക് വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ
ബെയ്‌റൂട്ട് ഗാസയില്‍ പതിനൊന്ന് മാസമായി ഇസ്രയേല്‍ തുടരുന്ന വംശഹത്യ പശ്ചിമേഷ്യൻ മേഖലയെയാകെ യുദ്ധഭീതിയിലാഴ്‌ത്തി. ലബനനിലെ പേജർ, വാക്കി ടോക്കി സ്‌ഫോടന പരമ്പരയോടെ ഇസ്രയേലും ലബനീസ് സായുധ സംഘമായ ഹിസബുള്ളയും തമ്മിലുള്ള നേർക്കുനേർ യുദ്ധത്തിന് വഴി തുറന്നു. തെക്കൻ ബെയ്‌റൂട്ടിലെ ജമൗസിൽ ജനവാസമേഖലയില്‍ വെള്ളിയാഴ്‌ച ഇസ്രയേൽ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് ഗുരുതര പരിക്കേറ്റു. ഹിസ്‌ബുള്ളയുടെ മുതിർന്ന കമാൻഡർ ഇബ്രാഹിം അഖിൽ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഇസ്രയേലിൽനിന്ന് 140 റോക്കറ്റുകൾ ലബനനിലെ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചു. ഹിസ്ബുള്ളയുടെ നൂറോളം റോക്കറ്റ് ലോഞ്ചറുകൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ലബനനില്‍നിന്ന് ഇന്ത്യക്കാര്‍ ഒഴിയണമെന്ന് കഴിഞ്ഞമാസം എംബസി മുന്നറിയിപ്പ് നല‍്കിയിരുന്നു. അയ്യായിരത്തോളം ഇന്ത്യക്കാര്‍ ലബനില്‍ ഉണ്ടെന്നാണ് കണക്ക്. ഗാസയിൽ ഹമാസിനെ അനായാസം കീഴ്പ്പെടുത്താമെന്ന് പ്രതീക്ഷിച്ച ഇസ്രയേലിന് ഹിസ്‌ബുള്ളയുമായും യമനിലെ ഹൂതിവിമതരെമായും ഒരേസമയം നേരിടേണ്ട സ്ഥിതിയാണിപ്പോള്‍. ഒക്ടോബര്‍ ഏഴ് ആക്രമണത്തെ തുടർന്ന് ഇസ്രയേല്‍ 450 ഹിസ്ബുള്ള അംഗങ്ങളെയും നൂറിലേരെ ലബനീസ് പൗരരെയും വധിച്ചെന്നാണ് കണക്ക്. ഹിസ്ബുള്ളയുടെ പ്രത്യാക്രമണങ്ങളില്‍ 2-0 ഇസ്രയേലി സൈനികരടക്കം 46 പേര്‍ കൊല്ലപ്പെട്ടു. ഹൂതികളെയും ഹിസ്‌ബുള്ളയെയും ഹമാസിനെയും പിന്തുണച്ച് ഇറാൻ പരസ്യമായി രംഗത്തുവന്നാല്‍ ഇസ്രയേലിനായി അമേരിക്കന്‍ സഖ്യകക്ഷികളും യുദ്ധസന്നദ്ധരാകും. ഇത് സ്ഥിതിഗതികൾ അതീവ സങ്കീര്‍ണമാക്കും. പശ്ചിമേഷ്യയിലാകെ 90 ലക്ഷം ഇന്ത്യക്കാരുണ്ട്. ഇന്ത്യയിലെത്തുന്ന അസംസ്‌കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും മൂന്നിൽ രണ്ട് ഭാഗവും പശ്ചിമേഷ്യയിൽനിന്നാണ്. സംഘർഷം മൂർച്ഛിക്കുന്നത് ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക ആഘാതം സൃഷ്ടിക്കും. ഏറ്റുമുട്ടലിൽനിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. Read on deshabhimani.com