വിദേശ ചാരസംഘടനകള്‍ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കുന്നു - ചൈന



ബീജിങ്‌>  ചൈനയുടെ ബഹിരാകാശ പദ്ധതിയിൽ നിന്ന് രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതായി ചൈന.രാജ്യങ്ങൾ തമ്മിൽ ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള മത്സരം ശക്തമാകുന്ന സാഹചര്യത്തിൽ ചൈനയുടെ ഭാവി നിലനിൽപ്പിനും വികസനത്തിനുമായി ബഹിരാകാശ സുരക്ഷ സംരക്ഷിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ ചൈനീസ്‌ ആഭ്യന്തര സുരക്ഷാ മന്ത്രാലയം പറഞ്ഞു. വിചാറ്റിലൂടെ ഔദ്യോഗിക പോസ്റ്റ് വഴിയാണ് ചൈന ഇക്കാര്യം അറിയിച്ചത്‌. ചില പാശ്ചാത്യ രാജ്യങ്ങള്‍ 'ബഹിരാകാശ സൈന്യം' രൂപീകരിച്ചതായും "സൈനിക പോരാട്ടത്തിനുള്ള യുദ്ധക്കളം" മായി ബഹിരാകാശത്തെ കാണുന്നതായും ചൈന പറഞ്ഞു.  അവര്‍  ബഹിരാകാശ മേഖലയിലെ പ്രധാന എതിരാളിയായാണ്‌ ചൈനയെ കാണുന്നതെന്നും ഉപഗ്രഹങ്ങള്‍വഴി വിദേശ ചാരസംഘടനകള്‍  ചൈനയെ നിരീക്ഷിക്കുന്നുണ്ടെന്നും ചൈന പോസ്റ്റിൽ കുറിച്ചു. ഇവർ ചൈനയുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും  വിചാറ്റില്‍ പറഞ്ഞു. ചൈനയുടെ എയ്‌റോസ്‌പേസ് സെക്ടറിൽ നിന്ന് നുഴഞ്ഞുകയറാനും തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെടുക്കാനും ലക്ഷ്യമിട്ട്  ഈ രാജ്യങ്ങൾ ഉപഗ്രഹങ്ങൾ ഉപയോഗിച്ചതായും ചൈന ആരോപിച്ചു.   2020-ലെ ചാങ് ഇ-5,  2024-ല്‍  'ചാങ് ഇ-6' എന്നീ ദൗത്യങ്ങൾ  വിജയകരമായി ചൈന പൂര്‍ത്തിയാക്കിയിരുന്നു. 2030-ഓടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ ഇറക്കാൻ ചൈന ലക്ഷ്യമിടുന്നുണ്ട്‌. 2035-ല്‍ 'ബേസിക് സ്‌റ്റേഷനും' 2045-ല്‍ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയും ചൈനയുടെ സ്വപ്ന പദ്ധതികളാണ്‌.   Read on deshabhimani.com

Related News