രാജ്യം വിടാനുള്ള നീക്കം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ യുഎസ് എംബസിയിൽ



ധാക്ക > ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബിഎൻപി ചെയർപേഴ്സണുമായ ഖാലിദ സിയ വിസ അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ ബുധനാഴ്ച യുഎസ് എംബസി സന്ദർശിച്ചതായി  റിപ്പോർട്ട്. ഖാലിദ സിയയെ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് അയക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി(ബിഎൻപി)അറിയിച്ചതായി ദി ഡെയ്‌ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു. സിയ അടുത്ത മാസം ആദ്യം യുകെയിലേക്ക് പോകുമെന്നും അവിടെ നിന്ന് അമേരിക്കയിലോ ജർമ്മനിയിലോ പോയി  വൈദ്യസഹായം തേടുമെന്നും പാർടി വൃത്തങ്ങൾ അറിയിച്ചു. കരൾ സിറോസിസ്, ഹൃദയം, ശ്വാസകോശം, വൃക്കകൾ, നേത്ര പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ  ഖാലിദ സിയയ്ക്കുണ്ടെന്നാണ്‌ റിപ്പോർട്ട്‌. അഴിമതിക്കേസിൽ കീഴ്‌ക്കോടതി ഖാലിദ സിയയെ ഏഴ് വർഷം തടവ്‌ വിധിച്ചിരുന്നു.  ഈ കേസിൽ പിന്നീട്‌ ബംഗ്ലാദേശ് ഹൈക്കോടതി  കുറ്റവിമുക്തയാക്കി. സിയ ചാരിറ്റബിൾ ട്രസ്റ്റ് അഴിമതിക്കേസിൽ 2018ൽ ധാക്ക കോടതി സിയയെ ശിക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ എകെഎം അസദുസ്സമാൻ, സയ്യിദ് എനായത് ഹൊസൈൻ എന്നിവരടങ്ങിയ ബെഞ്ച് സിയയുടെ അപ്പീലിന്റെ അടിസ്ഥാനത്തിൽ തീരുമാനം റദ്ദാക്കുകയായിരുന്നു. ബംഗ്ലദേശിലെ ഭരണമാറ്റത്തിനുശേഷം  പ്രസിഡന്റ്‌ മുഹമ്മദ് ഷഹാബുദ്ദീന്റെ  ഉത്തരവുപ്രകാരം സിയയെ പൂർണ്ണമായും മോചിപ്പിച്ചു. 1991 മാർച്ച് മുതൽ 1996 മാർച്ച് വരെയും 2001 ജൂൺ മുതൽ 2006 ഒക്ടോബർ വരെയും സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.   Read on deshabhimani.com

Related News