ഫ്രാൻസ്വാ ബെയ്‌റോയു ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി
പാരിസ് > വലതുപക്ഷ നേതാവ് ഫ്രാൻസ്വാ ബെയ്‌റോയുവിനെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. എഴുപത്തിമൂന്നുകാരനായ ബെയ്‌റോയു തെക്കുപടിഞ്ഞാറൻ മേയറും മോ ഡെം പാർടിയുടെ നേതാവുമാണ്. പുതിയ സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് മാക്രോൺ വ്യക്തമാക്കി. പ്രധാനമന്ത്രി മിഷേൽ ബാർണിയയെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ ഗവൺമെന്റ് അനിശ്ചിത്വത്തിലായിരുന്നു. ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഏറ്റവും കുറഞ്ഞകാലം ഫ്രാൻസിന്റെ പ്രധാനമന്ത്രിപദത്തിലിരുന്ന ബാർണിയ രാജിവച്ചത്. തീവ്ര ദേശീയ നിലപാട് പിന്തുടരുന്ന ബാർണിയ മൂന്ന് മാസം മുമ്പാണ് പ്രധാനമന്ത്രിയായത്. പ്രത്യേക അധികാരം ഉപയോഗിച്ച് വോട്ടെടുപ്പില്ലാതെ ധനബിൽ പാസാക്കാനുള്ള ബാർണിയയുടെ നീക്കത്തിനെതിരെ ഇടതുപക്ഷ സഖ്യമാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസം പാസായതോടെ മാക്രോൺ രാജിവച്ചൊഴിയുമെന്ന് കരുതിയെങ്കിലും കാലാവധി പൂർത്തിയാകുന്ന 2027 വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് മാക്രോൺ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. പോളണ്ട് സന്ദർശനം വെട്ടിച്ചുരുക്കി പാരിസിൽ തിരിച്ചെത്തി തിടുക്കപ്പെട്ടാണ് മാക്രോണിന്റെ പുതിയ നീക്കം. Read on deshabhimani.com