ഫ്രാൻസിൽ ലൂസീ കാസ്‌റ്റേ ഇടതുപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി
പാരിസ് > ഫ്രാൻസ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയികളായ ഇടതുപക്ഷ സഖ്യം ന്യൂ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ലൂസീ കാസ്‌റ്റേയെ പ്രഖ്യാപിച്ചു. മുപ്പത്തിയേഴുകാരിയായ സർക്കാർ ഉദ്യോഗസ്ഥയാണ് ലൂസീ കാസ്‌റ്റേ. പാരിസ് സിറ്റി കൗൺസിലിന്റെ ട്രഷറി ചുമതല വഹിക്കുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ ശക്തമായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ലൂസിയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് ഗ്രീൻ പാർടി ദേശീയ സെക്രട്ടറി മരീൻ ടോണ്ട്‌ലിയെർ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് ആവശ്യപ്പെട്ടു. എന്നാൽ, ആഗസ്ത് പാതിയോടെ മാത്രമേ പുതിയ സർക്കാർ രൂപീകരിക്കൂ എന്ന് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത മാക്രോൺ വ്യക്തമാക്കി. പാരിസ് ഒളിമ്പിക്സ് കഴിയും വരെ തന്റെ മധ്യ വലതുപക്ഷ സർക്കാർ കാവൽ സർക്കാരായി തുടരുമെന്നും വ്യക്തമാക്കി. മാസാദ്യം നടന്ന തെരഞ്ഞെടുപ്പിൽ ന്യൂ പോപ്പുലർ ഫ്രണ്ട് വിജയിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. Read on deshabhimani.com