കൂട്ടക്കൊല നിർത്താതെ ഇസ്രയേൽ ; ഉറങ്ങിക്കിടന്ന 109 പേരെ ബോംബിട്ടു കൊന്നു



ഗാസ സിറ്റി വടക്കൻ ഗാസയിൽ  കൂട്ടക്കൊല നിർത്താതെ ഇസ്രയേൽ. ബെയ്‌ത്‌ ലാഹിയയിൽ അഭയാര്‍ഥികള്‍ തമ്പടിച്ച അഞ്ചുനില കെട്ടിടത്തില്‍ ചൊവ്വ പുലർച്ചെ നടത്തിയ വ്യോമാക്രാമണത്തിൽ 109 പേർ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടന്നിരുന്ന കൊച്ചുകുട്ടികളും സ്ത്രീകളുമടക്കമാണ്‌ മണിക്കൂറുകൾ നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌.  ഇരുന്നൂറിൽപ്പരം ആളുകളാണ്‌ കെട്ടിടത്തിൽ ഉണ്ടായിരുന്നത്‌. 12 സ്ത്രീകളുടെയും 20 കുട്ടികളുടെയും മൃതദേഹം ലഭിച്ചതായി ഫീൽഡ്‌ ആശുപത്രി അറിയിച്ചു.ഇതടക്കം ഗാസയിൽ 115 പേരാണ്‌ ചൊവ്വാഴ്ച കൊല്ലപ്പെട്ടത്‌. മുനമ്പിൽ ഇസ്രയേൽ കടന്നാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 43,061 ആയി. ഇതിൽ 12,000 വിദ്യാർഥികളുമുണ്ട്‌. അതേസമയം, ലബനനിലും തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ ചൊവ്വാഴ്‌ച 60 പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിൽ ഹിസ്‌ബുള്ളയുടെ കമാൻഡ്‌ സെന്റർ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.   യുഎൻ സന്നദ്ധ
സംഘടനയെ ഭീകരരായി പ്രഖ്യാപിച്ച്‌ ഇസ്രയേൽ യുഎൻ സന്നദ്ധസംഘടനയെ ഭീകരവാദികളായി പ്രഖ്യാപിച്ച്‌ പ്രവർത്തനം തടയാൻ ഇസ്രയേൽ. പലസ്‌തീൻ അഭയാർഥികൾക്ക്‌ ഭക്ഷണവും സഹായങ്ങളുമെത്തിക്കുന്ന യുഎൻ ഏജൻസി (യുഎൻആർഡബ്ല്യൂഎ)യുമായുള്ള ബന്ധം അവസാനിപ്പിക്കാനും  രാജ്യത്തിനുള്ളിൽ സംഘടനയുടെ പ്രവർത്തനം അവസാനിപ്പിക്കാനുമുള്ള നിയമങ്ങൾ ഇസ്രയേൽ പാസാക്കി. ഗാസയിലേക്ക്‌ കൂടുതൽ സഹായമെത്തിക്കാൻ ഇസ്രയേലിനുമേൽ അമേരിക്ക സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ്‌ നടപടി. സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളും അഭയാർഥികേന്ദ്രങ്ങളും ഇസ്രയേല്‍ തുടർച്ചയായി ആക്രമിച്ചിരുന്നു. സംഘടനയുടെ ഇരുനൂറിലധികം പ്രവർത്തകരാണ്‌ ഇതുവരെ കൊല്ലപ്പെട്ടത്‌.   Read on deshabhimani.com

Related News