മരണ മുനമ്പ് ; ‘ഗാസയിൽ 15 മിനിറ്റിൽ 
ഒരു കുട്ടി കൊല്ലപ്പെടുന്നു’



ഗാസ ഇസ്രയേൽ ബോംബ്‌ ആക്രമണത്തിൽ ഗാസയിൽ ഓരോ 15 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന്‌ പലസ്‌തീൻ സന്നദ്ധസംഘടന. നിലവിലെ യുദ്ധത്തിൽ മരണനിരക്ക്‌ ഉയർന്നു. പ്രതിദിനം നൂറോളം കുട്ടികൾ കൊല്ലപ്പെടുന്നു. ഗാസ വംശഹത്യക്കാണ്‌ സാക്ഷ്യംവഹിക്കുന്നത്‌–-  ദി ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ -–- പലസ്‌തീൻ പറഞ്ഞു. ഇതുവരെ ആയിരത്തിലധികം കുട്ടികളാണ്‌ കൊല്ലപ്പെട്ടത്‌. ഗാസയിലെ 95 ശതമാനം കുട്ടികളും യുദ്ധത്തിന്റെ മാനസിക പ്രത്യാഘാതങ്ങളുമായി ജീവിക്കുന്നവരാണ്.  സ്‌കൂളുകൾ താൽക്കാലിക അഭയകേന്ദ്രങ്ങളായി മാറുന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസം  നിർത്തിവയ്ക്കേണ്ട അവസ്ഥയാണ്‌. കുടിയൊഴിപ്പിക്കപ്പെട്ട 400,000 പേരെ സ്കൂളുകളിലാണ്‌ ഐക്യരാഷ്‌ട്ര സംഘടന പാർപ്പിച്ചിരിക്കുന്നത്‌. ഗാസയിൽ യുഎൻ നേതൃത്വത്തിലുള്ള നാല്‌ സ്‌കൂൾ ഇതിനകം ആക്രമണത്തിൽ തകർന്നു. പലസ്തീൻകാർക്ക്‌ സ്‌കോളർഷിപ് നൽകുന്ന എഡ്യൂക്കേഷൻ എബൗവ് ഓൾ (ഇഎഎ) ഫൗണ്ടേഷനും അതിന്റെ  അൽ-ഫഖൂറ സ്‌കൂളും ചൊവ്വാഴ്ച ആക്രമണത്തിൽ ഇസ്രയേൽ തകറത്തു.   അർബുദ ആശുപത്രിയും പൂട്ടുന്നു , കീമോ തെറാപ്പി 
ഉൾപ്പെടെ നിർത്തിവച്ചു ഇസ്രയേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധത്തെ തുടർന്ന്‌ അവശ്യ മരുന്നുകളും ഇന്ധനവും ലഭിക്കാതായതോടെ ഗാസയിലെ ഏക അർബുദ ആശുപത്രി അടച്ചുപൂട്ടുന്നു. തുര്‍ക്കിയ സഹകരണത്തിലുള്ള ആശുപത്രിയാണ്‌ അടച്ചുപൂട്ടുന്നത്‌. റേഡിയോളജി പോലുള്ള സേവനങ്ങൾ ഇതിനകംതന്നെ നിലച്ചു. നിലവിൽ ഒരു ജനറേറ്ററിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. ഇതിന്റെ ഇന്ധനം ഉടൻ തീരും. അതോടെ പൂർണമായും അടച്ചിടേണ്ടിവരും. തങ്ങൾ അവശ്യ സേവനങ്ങൾ നിലനിർത്താൻ ശ്രമിക്കുകയാണെന്ന്‌ ഡയറക്‌ടർ ഡോ. സുഭി സുകെക്ക് പറഞ്ഞു. കീമോതെറാപ്പി ചികിത്സയ്‌ക്കാവശ്യമായ മരുന്നുകൾ തീരാറായി. 9000 അർബുദ രോഗികളെയാണ്‌ ഇത്‌ ബാധിക്കുക. ഇസ്രയേൽ ഗാസയിലേക്കുള്ള വൈദ്യുതിയും ഇന്ധനവിതരണവും ദിവസങ്ങൾക്ക്‌മുമ്പുതന്നെ തടഞ്ഞു. പ്രാദേശിക പവർ പ്ലാന്റ് ഒരാഴ്ച മുമ്പ് അടച്ചുപൂട്ടി. എല്ലാ മാസവും, പലസ്തീൻ ആരോഗ്യ അധികാരികൾ ഗാസയിൽനിന്ന് 2000 രോഗികളെ ജറുസലേം, വെസ്റ്റ് ബാങ്ക്, ഇസ്രയേൽ എന്നിവിടങ്ങളിലേക്ക്‌ റഫർ ചെയ്യുന്നുണ്ട്‌. അവർക്ക്‌ മെഡിക്കൽ പെർമിറ്റ്‌ കിട്ടാൻ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.   ഗാസയിലെ ഇന്ത്യക്കാരെ 
ഒഴിപ്പിക്കുന്നത്‌ 
ദുഷ്‌കരമെന്ന്‌ കേന്ദ്രം ഇസ്രയേൽ ഉപരോധവും ആക്രമണവും നേരിടുന്ന ഗാസയിൽ നാല്‌ ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ ഒഴിപ്പിച്ച്‌ കൊണ്ടുവരുന്നത്‌ ദുഷ്‌കരമാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ്‌ അരിന്ദം ബാഗ്‌ചി. ഇവരിൽ ഒരാൾ പുറത്തേക്ക്‌ കടന്നതായി വാർത്ത പ്രചരിച്ചെങ്കിലും സ്ഥിരീകരണമില്ല. സ്ഥിതി മെച്ചപ്പെട്ടാലേ എന്തെങ്കിലും ചെയ്യാനാകൂ. വെസ്‌റ്റ്‌ ബാങ്കിൽ 23 ഇന്ത്യക്കാരുണ്ടെന്നും ബാഗ്‌ചി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ഇസ്രയേലിൽനിന്ന്‌ അഞ്ച്‌ വിമാനത്തിലായി 1,200 ഇന്ത്യക്കാരെ മടക്കിയെത്തിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ സർവീസ്‌ നടത്തും. ലബനനിൽ ഇന്ത്യക്കാർക്ക്‌ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. യുഎൻ  ഏജൻസികൾവഴി പലസ്‌തീന്‌ ഇന്ത്യ ജീവകാരുണ്യ സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News