ചോരക്കൊതി: വടക്കൻ ഗാസയിൽ രണ്ടാഴ്‌ചയ്ക്കിടെ 450 മരണം
ഗാസ സിറ്റി> ഹമാസ് തലവനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഗാസയിലെ ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും ആക്രമിച്ച് ഇസ്രയേൽ. വടക്കൻ ഗാസയിൽ രണ്ടാഴ്‌ചയ്ക്കിടെ ഇസ്രയേൽ 450ൽ അധികം പേരെ വധിച്ചു. ഗാസയിലെ ആകെ മരണസംഖ്യ 42,519 ആയി. ജബലിയയിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 10 പേർ മരിച്ചു. എൺപതിലധികം പേർക്ക് പരിക്കേറ്റു. മേഖലയിലെ വീടാക്രമിച്ച് അഞ്ച് പേരെയും ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി. മഗാസി ക്യാമ്പിലെ വീടുകൾ തകർന്ന് 16 പേരും കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ പ്രധാന ആശുപത്രികളായ ഇൻഡോനേഷ്യൻ ആശുപത്രി, അൽ അവ്‌ദ ആശുപത്രി, കമാൽ അദ്‌വാൻ ആശുപത്രി എന്നിവയും ആക്രമിച്ചു. അൽ അവ്‌ദ ആശുപത്രിയിലെ ജനറേറ്റർ തകർന്നതോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന രണ്ട് പേർ മരിച്ചു. ലബനനിൽ മേയർ കൊല്ലപ്പെട്ടു കിഴക്കൻ ലബനനിലെ അപ്പാർട്‌മെന്റിനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മേയറടക്കം നാലുപേർ കൊല്ലപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. സാഹ്‌മാർ മേയർ ഹൈദർ ഷാഹ്‌ലയാണ് കൊല്ലപ്പെട്ടത്. Read on deshabhimani.com