ജർമനിയിലെ ക്രിസ്‌മസ് ചന്തയിലെ ആക്രമണം ; മുന്നറിയിപ്പുകൾ അവഗണിച്ചു , വന്നത് വൻദുരന്തം
ബർലിൻ ജർമനിയിൽ ക്രിസ്‌മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറ്റിയ തീവ്രവലതുപക്ഷക്കാരനും കടുത്ത ഇസ്ലാംവിരുദ്ധനുമായ അക്രമിയെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും തടയാനാകാത്തത് സുരക്ഷാവീഴ്‌ച. ‘മുൻ മുസ്ലിം’ എന്ന് സ്വയം വിശേഷിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ തീവ്ര ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്ന താലിബ് അൽ അബ്ദുൾമൊഹ്‌സെൻ എന്ന സൈക്യാട്രിസ്‌റ്റാണ് കാറിടിച്ചു കയറ്റിയത്. പൊലീസ്, അഗ്നിശമനസേന തുടങ്ങിയ അടിയന്തരസേവന വാഹനങ്ങൾക്കുള്ള പ്രത്യേക പാതയിലൂടെയാണ് അക്രമി എത്തിയതും. ജർമനിയിൽ ഉടൻ അത്യാഹിതം സംഭവിക്കുമെന്ന് സമൂഹമാധ്യമത്തിൽ കുറിപ്പ് ഇട്ടതിനെ തുടർന്ന് സൗദി അറേബ്യതന്നെ ഇയാളെക്കുറിച്ച് 2023 നവംബർ മുതൽ പലതവണ ജർമനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മാഗ്‌ഡെബർഗിൽ ഉണ്ടായത് ഭീകരാക്രമണമാണെന്ന് സുരക്ഷാസേന സ്ഥിരീകരിച്ചു. മൂന്നുമിനുട്ട് മാത്രം നീണ്ട ആക്രമണത്തിൽ ഒമ്പത് വയസ്സുകാരനും നാല് സ്ത്രീകളും കൊല്ലപ്പെട്ടു. ഏഴ് ഇന്ത്യക്കാരടക്കം 200 പേർക്ക് പരിക്കേറ്റു. 41 പേർ ഗുരുതരാവസ്ഥയിലാണ്. സൗദി അറേബ്യക്കാരനായ അക്രമി 2006 മുതൽ ജർമനിയിലാണ് താമസം. തീവ്ര വലതുപക്ഷ പാർടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെയും പാർടിയെ അടുത്തിടെ പ്രശംസിച്ച ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും കടുത്ത അനുയായിയുമാണ്. അഭയാർഥിയായാണ് ജർമനിയിൽ എത്തിയതെങ്കിലും ഇയാൾ നിരവധി വർഷങ്ങളായി യൂറോപ്പിലേക്കുള്ള മുസ്ലിം കുടിയേറ്റത്തെ ശക്തമായി സമൂഹമാധ്യമങ്ങളിലൂടെ എതിര്‍ത്തിരുന്നു. നിലവിലെ സർക്കാർ കുടിയേറ്റം പ്രോത്സാഹിപ്പിച്ച് ജർമൻകാരുടെ ജീവൻവച്ച് പന്താടുകയാണെന്ന ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ വാദങ്ങളും നിരന്തരം പ്രചരിപ്പിച്ചു. സൗദി അറേബ്യയുടെ മുന്നറിയിപ്പിനെ തുടർന്ന് ജർമനി ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നതായി ഫെഡറൽ ക്രിമിനൽ പൊലീസ് ഓഫീസ് മേധാവി ഹോൾഗർ മഞ്ച് വ്യക്തമാക്കി. അക്രമി പലവട്ടം പൊലീസിനെ ബന്ധപ്പെട്ട് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇത്രയും മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ഇയാൾ ആസൂത്രിതമായി ആക്രമണം നടത്തിയത് ജർമൻ പൊലീസിന്റെ വീഴ്ചയായായി. കുറ്റകൃത്യ പശ്ചാത്തലമില്ലാത്തതിനാൽ പൊലീസ് ഇയാളുടെ ഭീഷണി കാര്യമാക്കിയില്ല. വെള്ളി വൈകിട്ട് അക്രമി മാഗ്‌ഡെബർഗിലെ ക്രിസ്‌മസ് ചന്തയിലെ ആൾക്കൂട്ടത്തിലേക്ക് കറുപ്പ് ബിഎംഡബ്ല്യു കാർ ഇടിച്ചുകയറ്റുകയായിരുന്നു. പൊലീസ് പിടികൂടിയ അക്രമിയെ ശനി വൈകിട്ട് കോടതിയിൽ ഹാജരാക്കി. രാഷ്ട്രീയ ആയുധമാക്കി എഎഫ്‌ഡി ജർമനിയിൽ ക്രിസ്‌മസ് ചന്തയിലേക്ക് തീവ്രവലതുപക്ഷ മുസ്ലിംവിരുദ്ധൻ നടത്തിയ ആക്രമണത്തെയും രാഷ്ട്രീയ ആയുധമാക്കി തീവ്ര വലതുപക്ഷ പാർടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്‌ഡി). ഫെബ്രുവരിയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സർക്കാരിന്റെ കുടിയേറ്റനയത്തോടുള്ള ഒരുവിഭാഗം ജനങ്ങളുടെ എതിർപ്പ് ആളിക്കത്തിക്കാനാണ് ശ്രമം. അക്രമിയായ താലിബ് അൽ അബ്ദുൾമൊഹ്‌സെൻ എഎഫ്‌ഡിക്കാരനാണെന്നതും തമസ്‌ക്കരിച്ചു . 2016ൽ ബർലിനിൽ ക്രിസ്‌മസ് മാർക്കറ്റിലുണ്ടായ ആക്രമണംപോലെ മുസ്ലിം ഭീകരർ നടത്തിയ ആക്രമണമാണെന്നായിരുന്നു എഎഫ്‌ഡിയുടെ ആദ്യ പ്രചാരണം. എന്നാൽ, അക്രമി മുസ്ലിം വിരുദ്ധനാണെന്ന് മനസ്സിലായതും, ‘ഇയാൾ ജർമൻകാരെ കൂടുതൽ വെറുക്കുന്നു’ എന്ന രീതിയിലേക്ക് നേതാക്കൾ പ്രതികരണം മാറ്റി. ഇയാളുടെ പാർടിബന്ധം ഒരിടത്തും പരാമർശിക്കാത്ത എഎഫ്‌ഡി, രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കണമെന്നും ഒലാഫ് ഷോൾസ് സർക്കാർ നയത്തിലെ പാളിച്ചയാണ് ആക്രമണങ്ങൾക്ക് കാരണമെന്നും ആവർത്തിച്ചു. കിഴക്കൻ ജർമനിയിൽ വലിയ സ്വാധീനമുള്ള പാർടി അടുത്തിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ വലിയ നേട്ടം കൈവരിച്ചിരുന്നു. അതിനിടെ, ചാൻസലർ ഒലാഫ് ഷോൾസ് രാജിവയ്ക്കണമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക് പ്രതികരിച്ചു. സർക്കാരിന്റെ പരാജയമാണ് ആക്രമണത്തിലൂടെ വെളിവായതെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. അടുത്തിടെയായി എഎഫ്‌ഡിയെ പ്രകീർത്തിച്ച് നിരന്തരം പ്രസ്താവനകൾ നടത്തുന്ന മസ്ക്, ജർമനിയുടെ രാഷ്ട്രീയത്തിലും പിടിമുറുക്കുകയണെന്ന അഭ്യൂഹം ശക്തമാണ്. Read on deshabhimani.com