ഇസ്രയേലിനെതിരായ പ്രതിഷേധം; ഗ്രെറ്റ തുൻബെർഗിനെ അറസ്റ്റ് ചെയ്തു
കോപൻഹേഗ് > ഗാസക്കെതിരായ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡെൻമാർക്കിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോപൻഹേഗൻ സർവകലാശാലയിൽ നടന്ന പരിപാടിക്കിടെയാണ് അറസ്റ്റ്. സ്റ്റുഡന്റ്‌സ് എഗെയ്ൻസ്റ്റ് ദ ഒക്കുപ്പേഷൻ എന്ന വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് കാര്യാലയങ്ങൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധമായിരുന്നു. ഇസ്രയേൽ സർവകലാശാലകളെ ബഹിഷ്കരിക്കണമെന്നാണ് വിദ്യാർഥികൾ ഉയർത്തുന്ന ആവശ്യം. പലസ്തീനെതിരായ ആക്രമണങ്ങൾ ശക്തമായി തുടരുമ്പോൾ കോപൻഹേഗൻ സർവകലാശാല ഇസ്രയേൽ സർവ്വകലാശാലകളുമായി സഹകരിച്ച് മുന്നോട്ട് പോകുകയാണെന്നും ഇതവസാനിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതേസമയം പൊലീസ് ഗ്രെറ്റയുടെ അറസ്റ്റിൽ പ്രതികരിച്ചിട്ടില്ല. കോപൻഹേഗൻ സർവകലാശാലയിൽ നടന്ന പരിപാടിക്കിടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി മാത്രമാണ് പൊലീസ് വക്താവ് അറിയിച്ചത്. ക്യാമ്പസിലെ പ്രവേശന കവാടം ഉപരോധിച്ചതിനാണു നടപടിയെന്നും അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കസ്റ്റഡിയിലെടുത്തവരിൽ ഗ്രെറ്റയുമുണ്ടെന്ന് സംഘാടകർ സ്ഥിരീകരിച്ചു. കെഫിയ ധരിച്ച ഗ്രെറ്റയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രതിഷേധം നടത്തുന്ന കെട്ടിടത്തിലേക്ക് പൊലീസ് പ്രവേശിക്കുന്നതിൻറെ ദൃശ്യങ്ങൾ ഗ്രെറ്റ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. Read on deshabhimani.com