ഹൈക്കിങ്ങിനിടെ കാൽവഴുതി 200 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു
കലിഫോർണിയ > ഹൈക്കിങ്ങിനിടെ കാൽവഴുതി 200 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കലിഫോർണിയയിലെ യോസെമൈറ്റി നാഷണൽ പാർക്കിൽ പിതാവിനൊപ്പം ഹൈക്കിങ്ങിനെത്തിയ ഗ്രേസ് റോളോഫാണ് മരിച്ചത്. അരിസോണ സ്റ്റേറ്റ് സർവകലാശാലയിലെ വിദ്യാർഥിനിയാണ്. ഹൈക്കിങ്ങിനിടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് അപകടം. അപകടത്തിന് തൊട്ടുമുമ്പ് തന്റെ ഷൂ തെന്നുന്നുണ്ടന്ന് പിതാവിനോട് ഗ്രേസ് പറഞ്ഞിരുന്നു. പിന്നാലെ കാൽവഴുതി 200 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ‘ഹാഫ് ഡോം’ എന്നറിയപ്പെടുന്ന പാറക്കെട്ടിൽ കയറുന്നതിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേസിൻറെ കാൽ വഴുതിയത്. പിതാവ് ജൊനാഥന്റെ മുമ്പിൽ വച്ചാണ് അപകടം സംഭവിച്ചത്. ഏറെക്കാലമായി ഹൈക്കിങ് നടത്തുന്നവരാണ് ജൊനാഥനും ഗ്രേസും. പാറക്കൊട്ടിന് മുകളിലെത്താൻ കുറച്ചുദൂരം മാത്രം ബാക്കിയുള്ളപ്പോഴാണ് മകൾ വീണതെന്ന് ജൊനാഥൻ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം 2 മണിക്കൂറിനു ശേഷമാണ് ഗ്രേസിനടുത്ത് എത്താനായത്. 2006നു ശേഷം പ്രദേശത്ത് നടന്ന അപകടത്തിൽ ഗ്രേസുൾപ്പെടെ 6 പേരാണ് മരിച്ചത്. Read on deshabhimani.com