ഗാസയിൽ ആശുപത്രിക്ക് നേരെ ആക്രമണം, മരണം 500ലേറെ ; അപലപിച്ച് അറബ് രാജ്യങ്ങൾ



ദോഹ> ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ  ഗൾഫ് രാജ്യങ്ങൾ അപലപിച്ചു.  ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു. സൗദി അറേബ്യയും അപലപിച്ചു. ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ അൽ-അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎൻ ശക്തമായി അപലപിച്ചു ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു. ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായുള്ള  കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദൻ തീരുമാനിച്ചു. ബൈഡൻ, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദാൻ റദ്ദാക്കിയത്. അതേസമയം, ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  നിഷേധ കുറിപ്പിറക്കി. ലോകം മുഴുവൻ അറിയണം, ഗാസയിലെ ഭീകരരാണ് ആശുപത്രി തകർത്തത്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.  അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയിൽ നിന്ന് തന്നെ നിരവധി റോക്കറ്റുകൾ ബോംബാക്രമണം തുടങ്ങിയിരുന്നുന്നും അങ്ങനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടതെന്ന് ഇസ്രായേൽ സൈനിക വക്താവ്  അറിയിച്ചു. ഇന്റലിജൻസ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേൽ സൈനിക വക്താവ് ട്വീറ്റിൽ കുറിച്ചു. മധ്യ ഗാസയിലെ അൽ അഹ്‌ലി അറബ് ആശുപത്രിയിലാണ് അർധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും നിരവധിപേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വീട് വിട്ട ആയിരങ്ങൾ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. സഹായത്തിനായുള്ള ഉറ്റവരുടെ നിലവിളികൾ വിറങ്ങലിപ്പിച്ച ജനങ്ങളാണ്‌ ഗാസയിൽ എങ്ങും. ഇസ്രയേൽ കര, നാവിക, വ്യോമസേനകളുടെ തുടർ ബോംബാക്രമണങ്ങളിൽ ദുരന്തം പെയ്യുകയാണ്‌. വടക്കൻ മേഖലയിൽനിന്ന്‌ തെക്കൻ ഗാസയിലേക്ക്‌ ഒഴിഞ്ഞുപോകാൻ ആവർത്തിച്ച്‌ ആവശ്യപ്പെടുന്ന സൈന്യം അവിടെയും ബോംബിടുന്നു. മധ്യഗാസയിൽ നാലായിരം പേരെ പാർപ്പിച്ച അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. Read on deshabhimani.com

Related News