ഓപ്പറേഷൻ ട്രൂ പ്രോമിസ്‌ 2 ; വിറച്ച്‌ ഇസ്രയേൽ , പതിനായിരങ്ങള്‍ ബങ്കറുകളില്‍



തെഹ്‌റാൻ സുശക്തമായ വ്യോമപ്രതിരോധസംവിധാനം ഒരു വർഷത്തിനിടെ മൂന്നാംതവണയും പരാജയപ്പെട്ടതിൽ വിറച്ച് ഇസ്രയേൽ. 2023 ഒക്ടോബർ ഏഴിന്‌ ഹമാസ്‌ നടത്തിയ ആക്രമണം പ്രതിരോധ പരാജയമാണെന്ന്‌ ഇസ്രയേൽ സർക്കാരും സൈന്യവും സമ്മതിച്ചത്‌ ഏതാനും മാസം മുമ്പുമാത്രമാണ്‌. ദമാസ്കസിലെ എംബസിയിൽ റവല്യൂഷണറി ഗാർഡ്‌ അംഗങ്ങളെ കൊന്നതിന്‌ പ്രതികാരമായി ഇറാൻ ഏപ്രിൽ 13ന്‌ ടെൽ അവീവിലേക്ക്‌ മിസൈൽ ആക്രമണം നടത്തി. ഇതിനേക്കാള്‍ ശക്തമായ ആക്രമണമാണ്‌ ചൊവ്വ രാത്രി ഇറാൻ നടത്തിയ ‘ഓപറേഷൻ ട്രൂ പ്രോമിസ്‌ 2’. ഇറാന്റെ മിക്ക പ്രധാന നഗരങ്ങളിൽനിന്നുമായി ടെൽ അവീവിലേക്കും ജറുസലേമിലേക്കും 180 ബാലിസ്‌റ്റിക്‌ മിസൈലുകളാണ്‌ എത്തിയത്‌. 1500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യംവരെയെത്താനാകുന്ന ‘ഫത്താ 2’ ഹൈപ്പർസോണിക്‌ മിസൈലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആദ്യമായാണ്‌ ഇറാൻ ഇസ്രയേലിലേക്ക്‌ ഹൈപ്പർസോണിക്‌ മിസൈൽ പ്രയോഗിച്ചത്‌. ഭൂരിഭാഗം മിസൈലുകളും വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടെന്നും എന്നാൽ, ഒരു സംവിധാനവും പരിപൂർണമല്ലെന്നും  ഇസ്രയേൽ സൈനിക വക്താവ്‌ ഡാനിയൽ ഹഗാരി ചൊവ്വ രാത്രി പ്രതികരിച്ചു. അമേരിക്കന്‍ സഹായമുണ്ടായിട്ടുകൂടി, ഇറാന്റെ ആക്രമണം വിജയകരമായി പ്രതിരോധിക്കാൻ ഇസ്രയേലിനായില്ല എന്ന കുറ്റസമ്മതമായിരുന്നു  അത്‌. ടെൽ അവീവിലെ മൊസാദ്‌ ആസ്ഥാനത്തിന്‌ തൊട്ടടുത്തുവരെ മിസൈലുകൾ പതിച്ചു. മെസാദ്‌ ആസ്ഥാനത്തിനുസമീപം മിസൈൽ പതിച്ചുണ്ടായ ഗർത്തം എന്ന പേരിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്‌. ടെൽ നോഫ്‌ വ്യോമതാവളത്തിലും ബീർഷെബയ്ക്ക്‌ സമീപം നെവാറ്റിം വ്യോമതാവളത്തിലും നെഗേവ്‌ മരുഭൂമിയിലെ ഹാറ്റ്‌സെരിം വ്യോമതാവളത്തിലും മിസൈൽ പതിച്ചു. ‘ഫത്തേ 2’ മിസൈൽ പ്രയോഗത്തിലൂടെ ഇസ്രയേലിന്റെ  ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനമായ ‘ആരോ’യ്ക്ക്‌ ശക്തമായ വെല്ലുവിളി ഉയർത്താനും ഇറാന്‌ കഴിഞ്ഞു. പതിനായിരങ്ങള്‍ ബങ്കറുകളില്‍ ഒളിച്ചു. മിസൈൽ ആക്രമണമുണ്ടാകുമെന്ന് ​​ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്ക മുന്നറിയിപ്പ്‌ നല്‍കിയിട്ടും പ്രതിരോധസംവിധാനങ്ങൾ പിഴവറ്റതാക്കാൻ ഇസ്രയേലിന്‌ കഴിഞ്ഞില്ല. ആക്രമണത്തിൽ ഇസ്രയേലിൽ ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും സൈനികസാന്നിധ്യമാണ്‌ പശ്ചിമേഷ്യയിൽ സംഘർഷങ്ങളുണ്ടാക്കുന്നതെന്ന്‌ ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയി പറഞ്ഞു. തിരിച്ചടിക്കും ഇറാൻ നടത്തിയ ആക്രമണത്തിന്‌ ശക്തമായ തിരിച്ചടി നൽകുമെന്ന്‌ ഇസ്രയേൽ സൈനിക മേധാവി ഹെർസി ഹലേവി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിളിച്ച ഉന്നത സുരക്ഷായോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു.  സമയവും സന്ദർഭവും നോക്കി ശക്തമായ തിരിച്ചടി നൽകും. –- അദ്ദേഹം പറഞ്ഞു. അതേസമയം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനെ അനുകൂലിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുഎൻ സെക്രട്ടറി ജനറലിനെ ‘പുറത്താക്കി’ ഇസ്രയേൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ രാജ്യത്ത്‌ പ്രവേശിപ്പിക്കില്ലെന്ന്‌ ഇസ്രയേൽ. രാജ്യത്തേക്ക്‌ വ്യോമാക്രമണം നടത്തിയ ഇറാനെ പേരെടുത്ത്‌ വിമർശിക്കാത്തതിനാലാണ്‌ ഗുട്ടെറസിനെ പ്രവേശന വിലക്ക്‌ നേരിടുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്‌. സംഘർഷം പടരുന്നതിനെ ശക്തമായി അപലപിച്ച ഗുട്ടെറസ്‌, ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ‘രാജ്യത്തേക്ക്‌ ഹീനമായ ആക്രമണം നടത്തിയവരെ പേരെടുത്ത്‌ അപലപിക്കാത്ത ഒരാളും ഇസ്രയേലിൽ പ്രവേശിക്കാൻ അർഹനല്ല. ഗുട്ടെറസ്‌ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്രയേലുകാരുടെ സുരക്ഷയ്ക്കും അന്തസ്സിനുമായി പ്രവർത്തിക്കും’–- വിദേശമന്ത്രി ഇസ്രയേൽ ഗാന്റ്‌സ്‌ പറഞ്ഞു. നേരത്തേതന്നെ വിള്ളൽ വീണിരുന്ന ഇസ്രയേൽ–- യു എൻ ബന്ധം ഇതോടെ കൂടുതൽ വഷളായി. ഡെന്മാർക്കിൽ ഇസ്രയേൽ 
എംബസിക്ക്‌ സമീപം സ്‌ഫോടനം ഡെന്മാർക്ക്‌ തലസ്ഥാനം കോപൻഹേഗനിലെ ഇസ്രയേൽ എംബസിക്ക്‌ സമീപം സ്‌ഫോടനങ്ങൾ. ബുധൻ പുലർച്ചെ 3.20നാണ്‌ രണ്ട്‌ വലിയ  പൊട്ടിത്തെറി ഉണ്ടായത്‌. ആളപായം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഗ്രനേഡ് ആക്രമണമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. ചൊവ്വ രാത്രി സ്വീഡൻ തലസ്ഥാനം സ്‌റ്റോക്ക്‌ഹോമിലെ ഇസ്രയേൽ എംബസിയും വലിയ ശബ്ദം കേട്ടതിനെ തുടർന്ന്‌ അടച്ചിരുന്നു. ഗാസയിൽ 51 മരണം തെക്കൻ ഗാസയിൽ ചൊവ്വ രാത്രി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 51 പേർ കൊല്ലപ്പെട്ടു. 82 പേർക്ക്‌ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏഴ്‌ സ്ത്രീകളും രണ്ടുവയസ്സുകാരൻ ഉൾപ്പെടെ 12 കുട്ടികളുമുണ്ട്‌. ഖാൻ യൂനിസിൽ ബുധൻ രാവിലെ വീണ്ടും സൈന്യം കടന്നുകയറി. ഇവിടെ വൻ സ്‌ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ട്‌. Read on deshabhimani.com

Related News