പോളിയോ വാക്സിന്‍ വിതരണം ; ഗാസയിൽ താല്‍ക്കാലിക വെടിനിര്‍ത്തല്‍



ഐക്യരാഷ്ട്ര കേന്ദ്രം ഇരുപത്തഞ്ചുവർഷത്തിനുശേഷം ആദ്യമായി പോളിയോ സ്ഥിരീകരിച്ച ഗാസയിൽ വാക്സിൻ വിതരണത്തിനായി പരിമിതമായി വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേൽ സമ്മതിച്ചതായി ലോകാരോഗ്യ സംഘടന. മൂന്ന്‌ മേഖലകളിൽ മൂന്നുദിവസം ഒമ്പതുമണിക്കൂര്‍ വീതം വെടിനിർത്താനാണ്‌ ധാരണ. രാവിലെ ആറുമുതൽ പകൽ മൂന്നുവരെ ആക്രമണം നിർത്തിവയ്ക്കാനാണ്‌ ഇസ്രയേൽ സമ്മതിച്ചെന്ന് പലസ്തീൻ മേഖലകളിലെ ലോകാരോ​ഗ്യസംഘടന പ്രതിനിധി റിക്‌ പീപ്പർകോൺ പറഞ്ഞു. വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. മധ്യഗാസയിൽ ഞായറാഴ്ച വാക്സിൻ വിതരണം ആരംഭിക്കും. തുടർന്നുള്ള മൂന്നുവീതം ദിവസങ്ങളിൽ യഥാക്രമം തെക്കൻ ഗാസയിലും വടക്കൻ ഗാസയിലും വാക്സിനേഷൻ കാമ്പയ്‌ൻ. പത്തിൽ താഴെ പ്രായമുള്ള 6.4 ലക്ഷം കുട്ടികൾക്ക്‌ വാക്സിൻ നൽകാനുള്ള പ്രവര്‍ത്തനത്തിനാണ് തുടക്കമാകുന്നത്. 2000 ആരോഗ്യപ്രവർത്തകർ പങ്കുചേരും. 12 ലക്ഷം ഡോസ്‌ വാക്സിൻ ഗാസയിൽ എത്തിച്ചു. നാലുലക്ഷം ഡോസ്‌ കൂടി  എത്തിക്കും. ഗാസയിൽ പത്തുമാസം പ്രായമുള്ള അബ്ദേൽ റഹ്മാൻ എന്ന കുഞ്ഞിന്‌ പോളിയോ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ വാക്സിനേഷനായി വെടിനിർത്തണമെന്ന്‌ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഗാസയിലേക്ക്‌ ഇസ്രയേൽ കടന്നാക്രമണം തുടങ്ങുന്നതിന്‌ തൊട്ടുമുമ്പായി പിറന്ന കുഞ്ഞിനും വാക്സിൻ ലഭിച്ചിരുന്നില്ല. 22 ദിവസം ; ഖാൻ യൂനിസ്‌ 
തരിപ്പണമാക്കി ഇസ്രയേൽ ഗാസയുടെ തെക്കൻ നഗരമായ ഖാൻ യൂനിസിനെ തകർത്ത്‌ തരിപ്പണമാക്കിയ 22 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച്‌ പിൻവാങ്ങി ഇസ്രയേൽ സൈന്യം. സൈന്യം ഒഴിഞ്ഞുപോയശേഷം നടത്തിയ തിരച്ചിലിൽ രക്ഷാപ്രവർത്തകർ വെള്ളിയാഴ്ച പകൽ ഒമ്പത്‌ മൃതദേഹം കണ്ടെടുത്തു. ഖാൻ യൂനിസിലെ തുരങ്കങ്ങളിൽ ഹ മാസിന്റെ പുതിയ തലവൻ യഹ്യ സിൻവാർ ഒളിച്ചിരിക്കുന്നതായി ആരോപിച്ചാണ്‌ ആക്രമണം അഴിച്ചുവിട്ടത്‌. അഭയാർഥികൾ താമസിച്ചിരുന്ന കെട്ടിടങ്ങളടക്കം അടിസ്ഥാനസൗകര്യങ്ങൾ മിക്കതും തകർത്തശേഷമാണ്‌ പിൻമാറ്റം.     Read on deshabhimani.com

Related News