വ്യാപക ആക്രമണം ; ഖാൻ യൂനിസിൽ 38 പേർ കൂടി കൊല്ലപ്പെട്ടു
ഗാസ സിറ്റി ഗാസയിലും ലബനനിലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ശക്തമാകവെ, വ്യാപക ആക്രമണം തുടർന്ന് ഇസ്രയേൽ. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ 38 പേർ കൊല്ലപ്പെട്ടു. ബ്രെഡ് വാങ്ങാൻ വരിനിന്നവർക്കുമേലാണ് ബോംബിട്ടത്. ഗാസയുടെ എല്ലാ മേഖലയിലും യുഎൻ നാലാംഘട്ട ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 18.4 ലക്ഷം പേർ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു. 1.33 ലക്ഷം പേർ കൊടുംപട്ടിണിയിൽ. അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ ഡ്രൈവറും സഹോദരനും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ 230 യുഎൻ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രയേൽ സംഘം ദോഹയിലേക്ക് പോകും. ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ തയ്യാറായാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചു. തെക്കുകിഴക്കൻ ലബനനിലെ ഹസ്‌ബയയിൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി ഇസ്രയേൽ. കടന്നാക്രമണം റിപ്പോർട്ട് ചെയ്യുന്നവർക്ക് താമസിക്കാനായി വിവിധ മാധ്യമസ്ഥാപനങ്ങൾ വാടകയ്‌ക്കെടുത്ത വലിയ കെട്ടിടത്തിലായിരുന്നു ബോംബാക്രമണം. കെട്ടിടം നിലംപൊത്തി. മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ‘പ്രസ്’ എന്ന കൂറ്റൻ ബോർഡ് വച്ച കെട്ടിടങ്ങളും സ്റ്റിക്കർ പതിച്ച വാഹനങ്ങളും തകർന്നതിന്റെ ദൃശ്യങ്ങൾ ലബനൻ മാധ്യമങ്ങൾ പുറത്തുവിട്ടു. Read on deshabhimani.com