ലബനന്‍ കത്തുന്നു, മരണം 560 ; കടന്നാക്രമിച്ച് ഇസ്രയേല്‍



ബെയ്‌റൂട്ട്‌ ​ഗാസയെ ശവപ്പറമ്പാക്കി  ഇസ്രയേല്‍ തുടരുന്ന നിഷ്‌ഠുര ആക്രമണത്തില്‍ ലബനനും കത്തുന്നു.  വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 560 ആയി. കൊല്ലപ്പെട്ടവരിൽ 50 കുട്ടികളും യു എൻ അഭയാർഥി ഏജൻസിയിലെ രണ്ട്‌ ജീവനക്കാരും ഉൾപ്പെടുന്നു. ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയില്‍ ചൊവ്വയും തുടര്‍ന്ന ആക്രമണത്തില്‍ ആറുപേർ മരിച്ചു. 15 പേർക്ക്‌ പരിക്കേറ്റു. ഹിസ്‌ബുള്ളയുടെ റോക്കറ്റ്‌ ഡിവിഷനിലെ പ്രധാനിയായ കമാൻഡർ ഇബ്രാഹിം കൊബെയ്‌സിയെയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഹിസ്‌ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 2006ൽ ഹിസ്‌ബുള്ളയുമായി നടത്തിയ യുദ്ധത്തിനുശേഷമുള്ള ഏറ്റവും മാരകമായ ഇസ്രയേല്‍ ആക്രമണമാണിത്. 15-00 ആക്രമണങ്ങളിലായി 2000 വെടിക്കോപ്പുകൾ ഉപയോഗിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. കൂടുതൽ ആക്രമണം ഭയന്ന്‌  നഴ്‌സറികളടക്കം വിദ്യാലയങ്ങൾ അടച്ചു. തെക്ക്‌, കിഴക്കൻ മേഖലകളിലേക്ക്‌ ആക്രമണം ഉണ്ടാകുമെന്ന ഇസ്രയേൽ ഭീഷണിയെ തുടർന്ന്‌ തിങ്കൾ മുതൽ ജനങ്ങൾ കൂട്ടമായി ബെയ്‌റൂട്ടിലേക്ക്‌ പലായനം ചെയ്യുകയാണ്‌. അതിനിടെയാണ്‌ തലസ്ഥാനത്തും ആക്രമണം നടത്തിയത്‌. ലബനൻ മറ്റൊരു ഗാസയാകുന്ന സാഹചര്യം ഏതുവിധേനയും ഒഴിവാക്കണമെന്ന്‌ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു. ന്യൂയോർക്കിൽ യു എൻ പൊതുസഭാ സമ്മേളനത്തിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി ഇറാനെയും യുദ്ധത്തിലേക്ക്‌ വലിച്ചിടാനാണ്‌ ഇസ്രയേൽ ശ്രമിക്കുന്നതെന്ന്‌ ഇറാൻ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്ക്യൻ പറഞ്ഞു. Read on deshabhimani.com

Related News