ആക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ; ബെയ്‌ത്ത്‌ ലാഹിയയിൽ 
87 മരണം



ഗാസ സിറ്റി വടക്കൻ ഗാസയിൽ രണ്ടാഴ്‌ചയ്‌ക്കിടെ നാനൂറിലധികം പേരെ കൊന്നൊടുക്കിയിട്ടും കലിയടങ്ങാതെ ഇസ്രയേൽ. ആക്രമണം കടുപ്പിച്ചതോടെ മേഖലയിലെ ബെയ്‌ത്ത്‌ ലാഹിയയിൽ നിന്ന്‌ മാത്രം 87 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 40 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്‌. ബെയ്‌ത്ത്‌ ലാഹിയയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലേക്ക്‌ ഞായറാഴ്‌ചയും ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ കുടിവെള്ള ടാങ്കുകൾ തകർന്നതായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ആശുപത്രി ഡയറക്ടർ ഹുസൈൻ അബു സഫിയ പറഞ്ഞു. വടക്കൻ ഗാസയിൽ രണ്ടാഴ്‌ചയിലധികമായി അവശ്യവസ്‌തുക്കളുമായെത്തുന്ന ട്രക്കുകൾ പോലും കടത്തിവിടുന്നില്ല. അവിടെനിന്ന്‌ ഒഴിഞ്ഞുപോകണമെന്ന്‌ ഇസ്രയേൽ സൈന്യം ജനങ്ങളോട്‌ ആവശ്യപ്പെട്ടു. ഇസ്രയേൽ വംശഹത്യ തുടങ്ങിയശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42,603 ആയി ഉയർന്നു. 99,795 പേർക്ക്‌ പരിക്കേറ്റു. 10,000ത്തിൽ അധികം പേരെ കുറിച്ച്‌ ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. Read on deshabhimani.com

Related News