ഒഴിയണമെന്ന് ഇസ്രയേൽ തീട്ടൂരം ; ആശുപത്രിക്കുനേരെ കനത്ത ആക്രമണം
ഗാസ സിറ്റി ബെയ്‌ത് ലാഹിയയിലെ പ്രധാന ആശുപത്രിയായ കമാൽ അദ്വാൻ ഒഴിയാൻ ആവശ്യപ്പെട്ട ഇസ്രയേൽ സൈന്യം കനത്ത ആക്രമണം നടത്തുകയാണെന്ന് ആശുപത്രി മേധാവി. ഗാസയിൽ അവശേഷിക്കുന്ന ആശുപത്രികളിലൊന്നാണിത്. മരുന്നിന്റെ ദൗർലഭ്യവും രോഗികളുടെ ആധിക്യവുംകൊണ്ട് പ്രതിസന്ധിയിലായ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിനുനേരെ ആക്രമണം ഉണ്ടായെന്ന് ഡോക്ടർ ഹുസാം അബു സഫിയെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രസവവാർഡിലുൾപ്പെടെ 66 രോഗികളും ആശുപത്രി ജീവനക്കാരും അപകടത്തിലാണ്. എല്ലാദിശയിൽനിന്നും ആക്രമണം നേരിടുന്നതിനാൽ രോഗികളെ ഒഴിപ്പിക്കാനോ ആശുപത്രിവിട്ടുപോകാനോ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന് അഭയം നൽകുന്നു എന്നാരോപിച്ച് ആശുപത്രിക്കുനേരെ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ അനേകം രോഗികൾ കൊല്ലപ്പെടുകയും അബു സഫിയെക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. Read on deshabhimani.com