ഗാസയിലെ സ്കൂൾ ആക്രമിച്ച് ഇസ്രയേൽ സൈന്യം; നൂറിലധികം പേർ കൊല്ലപ്പെട്ടു
ഗാസ > ഗാസയിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ന്യൂസ് ഏജൻസി അറിയിച്ചു. ഗാസ സിറ്റിയിലെ അൽ-സഹാബ ഏരിയയിലെ അൽ-തബയിൻ സ്കൂളിലാണ് ഇസ്രയേൽ സേന ആക്രമണം നടത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു. ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട അഭയാർഥികൾ താമസിച്ചിരുന്ന സ്കൂളാണിത്. എന്നാൽ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സേനയുടെ വിശദീകരണം. ആളുകൾ പ്രഭാത പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെ മൂന്ന് റോക്കറ്റുകൾ സ്കൂളിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ഗാസ സിറ്റിയിലെ രണ്ട് സ്കൂളുകളിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 18 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറിൽ യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേലിന്റെ സൈനിക ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 39,699 പേർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 91,722 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഹമാസിൻ്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ഇസ്രയേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തു. Read on deshabhimani.com