സിറിയയിൽ മിസൈൽ ആക്രമണം; ലക്ഷ്യം ഇറാൻ താവളങ്ങളെന്ന്‌ ഇസ്രയേൽ



ജറുസലേം> സിറിയൻ  തലസ്ഥാനത്ത്‌   ഇസ്രയേലിന്റെ മിസൈൽ ആക്രമണം.  ഇറാനുമായി ബന്ധമുള്ള സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഡമാസ്കസിൽ ഇസ്രയേലിന്റെ ആക്രമണം. ഡമാസ്കസിലെ കഫർ സോസ മേഖലയിലെ പാർപ്പിടങ്ങൾക്ക്‌ നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ഏഴുപേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. മധ്യ ഗാസയുടെ  നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിലെ സ്കൂളിലേക്ക്‌ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 11 മാസം പ്രായമുള്ള കുഞ്ഞടക്കം 17 പേർ കൊല്ലപ്പെട്ടു. 52 പേർക്ക്‌ പരിക്കേറ്റു. അഭയാർഥികൾ തങ്ങിയിരുന്ന ഷുഹദ അൽ നുസെയ്‌റത്ത്‌ സ്കൂളാണ്‌ ആക്രമിക്കപ്പെട്ടത്‌. കൊല്ലപ്പെട്ടവരിൽ 13 കുട്ടികളും മൂന്ന്‌ സ്ത്രീകളുമുണ്ട്‌. ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമിക്കുന്ന 196–-ാമത്‌ സ്കൂളാണിത്‌. വടക്കൻഗാസയിൽ ശക്തമായ ആക്രമണം തുടരുകയാണ്‌ ഇസ്രയേൽ. 20 ദിവസത്തിനുള്ളിൽ ജബാലിയ ക്യാമ്പിൽ മാത്രം 770 പേർ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേർക്ക്‌ പരിക്ക്‌. അതേസമയം, ലബനൻ തലസ്ഥാനം ബെയ്റൂട്ടിന്റെ തെക്കൻ ഭാഗത്തേക്ക്‌ ഇസ്രയേൽ ബുധൻ രാത്രിമുതൽ 17 മിസൈൽ ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ട്‌. എട്ട്‌ കെട്ടിടങ്ങൾ നിലംപൊത്തി.  മൂന്ന്‌ സൈനികർ കൊല്ലപ്പെട്ടതായി ലബനൻ പ്രതികരിച്ചു.   Read on deshabhimani.com

Related News