അൽ ജസീറയുടെ വെസ്റ്റ്‌ ബാങ്ക്‌ ഓഫീസ്‌ പൂട്ടിച്ച്‌ ഇസ്രയേൽ



ഗാസ സിറ്റി ഗാസയിലെ കടന്നാക്രമണം യുദ്ധഭൂമിയിൽനിന്ന്‌ റിപ്പോർട്ട്‌ ചെയ്യുന്ന അൽജസീറയുടെ വെസ്റ്റ്‌ ബാങ്ക്‌ ഓഫീസ്‌ ഇസ്രയേൽ സേന അടച്ചുപൂട്ടി.  റാമള്ളയിലുള്ള ഓഫീസിലേക്ക്‌ ഞായർ പുലർച്ചെ ആയുധങ്ങളുമായി എത്തിയ സൈന്യം റെയ്‌ഡ്‌ നടത്തുകയും അടച്ചുപൂട്ടാനുള്ള ഉത്തരവ്‌ നൽകുകയുമായിരുന്നു. 45 ദിവസത്തേക്ക്‌ പ്രവർത്തനം നിർത്തിവയ്ക്കുവാനാണ്‌ ഉത്തരവ്‌. നടപടിയുടെ കാരണം ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല. സൈന്യം ഓഫീസിലേക്ക്‌ പ്രവേശിക്കുന്നതിന്റെയും ഉത്തരവ്‌ കൈമാറുന്നതിന്റെയും ദൃശ്യങ്ങൾ അൽജസീറ തത്സമയം പ്രക്ഷേപണം ചെയ്തു.   പലസ്തീൻ മേഖലയിൽ പ്രവർത്തിക്കുന്ന ഓഫീസിന്‌ വിലക്കേർപ്പെടുത്താൻ ഇസ്രയേലിന്‌ അധികാരമില്ലെന്നും മനുഷ്യാവകാശത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വിരുദ്ധമായ നടപടിയാണിതെന്നും അൽജസീറ വ്യക്തമാക്കി. ഇസ്രയേലിനുള്ളിൽ ചാനലിന്റെ പ്രവർത്തനം മെയിൽതന്നെ വിലക്കിയിരുന്നു. അഭയാർഥി
കേന്ദ്രത്തിൽ 7 പേർ കൊല്ലപ്പെട്ടു ഗാസയിലെ അൽഷാതി അഭയാർഥികേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു.  ഇതോടെ ഇസ്രയേൽ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 41,431  ആയി. നിരവധിപേർക്ക്‌ പരിക്കേറ്റു. ബെയ്‌റൂട്ട്‌ ആക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡറടക്കം 37 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്‌ ഹിസ്‌ബുള്ള വടക്കൻ ഇസ്രയേലിലേക്ക്‌ വ്യാപകമായി റോക്കറ്റ്‌ വിക്ഷേപിച്ചു. ആക്രമണത്തിൽ ഹൈഫയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ശനിയാഴ്‌ച ഇസ്രയേൽ ലബനനിലേക്ക്‌ 400 റോക്കറ്റ്‌ വിക്ഷേപിച്ചു. പേജർ സ്‌ഫോടനത്തിനുശേഷം ഇസ്രയേൽ ഹിസ്ബുള്ള സംഘർഷം രൂക്ഷമായി തുടരുകയാണ്‌. അതിനിടെ, പതിനായിരക്കണക്കിന്‌ ഇസ്രയേലുകാർ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട്‌ ടെൽ അവീവിൽ പ്രതിഷേധപ്രകടനം നടത്തി.  ഹമാസ്‌ ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വൈകിക്കുന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യത്ത്‌ പ്രതിഷേധം ശക്തിപ്പെടുകയാണ്‌. Read on deshabhimani.com

Related News