ലബനനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ബെയ്റൂട്ട് > ലബനനിൽ ഇസ്രയേലിന്റെ ആക്രമണം ശക്തമാകുന്നു. തെക്കൻ ലബനനിൽ നടന്ന വ്യോമാക്രമണത്തിൽ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ലബനനിലുണ്ടായിരുന്ന ഹമാസ് നേതാവ് ഫത്തേഹ് ഷെരീഫ് അബു എൽ അമീനും ഭാര്യയും മക്കളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ബെയ്റൂട്ടിലെ കോല ജില്ലയിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ 3 നേതാക്കൾ കൊല്ലപ്പെട്ടതായി പലസ്തീൻ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ (പിഎഫ്എൽപി) പറഞ്ഞു. ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ മേധാവി ഹസൻ നസറള്ളയെയും കമാൻഡർ നബീൽ കൗക്കിനെയും ഇസ്രയേൽ വധിച്ചിരുന്നു. ലബനനിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 105 പേർ മരിച്ചു. Read on deshabhimani.com