യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിന്മാറി



വാഷിങ്ടൺ > യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ജോ ബൈഡൻ പിന്മാറി. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ്‌ വിവരം പുറത്തുവിട്ടത്‌. പകരം പ്രസിഡന്റ്‌ സ്ഥാനാർഥിയായി വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിന്‌ പിന്തുണ പ്രഖ്യാപിച്ചു. പാർടിയുടെയും രാജ്യത്തിന്റെയും നല്ലതിനായി മത്സരത്തിൽനിന്ന് പിന്മാറുന്നുവെന്നും കുറിപ്പിലുണ്ട്‌. തെരഞ്ഞെടുപ്പിന് നാലുമാസം ബാക്കിനിൽക്കെയാണ് തീരുമാനം.   റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ ബൈഡന്റെ പ്രകടനം ദയനീയമായിരുന്നു. ട്രംപിന്‌ നേരെ വെടിവയ്‌പ്പ്‌ ഉണ്ടായ സാഹചര്യത്തിൽ ബൈഡന്റെ നില കൂടുതൽ പരുങ്ങലിലായി. ബൈഡൻ മത്സരിച്ചാൽ ജയസാധ്യത കുറവാണെന്ന നിലപാടാണ് മുൻ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ സ്വീകരിച്ചത്‌.ആഗസ്ത്‌ ആദ്യവാരം ഡെമോക്രാറ്റ്‌ സ്ഥാനാർഥിപ്പട്ടിക പുറത്തുവരും. പ്രചാരണത്തിന്റെ തുടക്കംമുതൽ അബദ്ധങ്ങളും നാക്കുപിഴകളും ബൈഡനെ വേട്ടയാടിയിരുന്നു. പ്രായാധിക്യവും അനാരോഗ്യവും സംബന്ധിച്ചും ചർച്ച നടന്നു. പ്രസിഡന്റ്‌ സ്ഥാനാർഥിത്വത്തിലേക്ക്‌ സെനറ്റർ മാർക് കെല്ലി, കെന്റക്കി ഗവർണർ ആൻഡി ബീഷർ, നോർത്ത് കാരലൈന ഗവർണർ റോയ് കൂപ്പർ എന്നിവരുടെ പേരും ചർച്ചയിലുണ്ട്‌. നിലവിൽ കോവിഡ്‌ ബാധിതനായി ഡെലവേയിലെ വീട്ടിൽ സമ്പർക്കവിലക്കിലാണ്‌ ബൈഡൻ. Read on deshabhimani.com

Related News