ബൈഡൻ പിന്മാറിയേക്കും; പകരം കമലാ ഹാരിസെന്ന് സൂചന
വാഷിങ്ടൺ > അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയുടെ സ്ഥാനാർഥിയായി ജോ ബൈഡൻ മത്സരിക്കില്ലെന്ന് സൂചന. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നും ബൈഡന് പകരം കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാർഥിയായേക്കുമെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ ബൈഡനാകില്ലെന്ന വിലയിരുത്തലുകളെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറാൻ മുതിർന്ന നേതാക്കൾ ബൈഡനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ബൈഡൻ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തന്റെ സ്ഥാനാർഥിത്വത്തിന്റെ സാധ്യതയെക്കുറിച്ച് ബൈഡൻ ശരിക്കും പരിഗണിക്കേണ്ടതുണ്ടെന്ന് ഒബാമ സഖ്യകക്ഷികളോട് പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ ബൈഡനോട് മത്സരിക്കരുതെന്ന് താൻ പറയില്ലെന്നും ഇക്കാര്യത്തിൽ പ്രസിഡന്റ് തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും ഒബാമ പറഞ്ഞു. സ്പീക്കർ നാൻസി പെലോസിയുമായുള്ള ഫോൺ സംഭാഷണത്തിലും ഒബാമ ഇതേ അഭിപ്രായം അറിയിച്ചതായി വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. നാൻസി പെലോസിയും ഇതിനോട് യോജിക്കുന്നുവെന്നും ഇക്കാര്യം ബൈഡനെ ഉടൻ ബോധ്യപ്പെടുത്താനാകുമെന്നാണ് സ്പീക്കർ പ്രതീക്ഷിക്കുന്നതെന്നും പത്രം എഴുതി. ഡെമോക്രാറ്റിക് നേതാക്കളുടെ വിലയിരുത്തൽ ബൈഡൻ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. നിരവധി ഡെമോക്രാറ്റിക് സെനറ്റർമാരും ഗവർണർമാരും ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിൽ തനിക്ക് വിജയിക്കാൻ കഴിയില്ലെന്ന് ബൈഡൻ അംഗീകരിച്ചു തുടങ്ങിയെന്നും പ്രസിഡന്റിന്റെ അടുപ്പക്കാരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ തന്റെ പകരക്കാരിയായി അംഗീകരിച്ചുകൊണ്ട് ബൈഡൻ ഉടൻ ഒരു പ്രഖ്യാപനം നടത്തിയാൽ അതിശയിക്കാനില്ലെന്നും ടൈംസ് റിപ്പോർട്ട് ചെയ്തു. മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡൻ സമ്മതിച്ചതായി അമേരിക്കൻ മാധ്യമമായ ന്യൂസ്‍മാക്സ് റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഡെമോക്രാറ്റിക് വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചതായാണ് മാധ്യമപ്രവർത്തകനും ന്യൂസ്‍മാക്സ് കമന്റേറ്ററുമായ മാർക്ക് ഹാൽപെറിൻ പറയുന്നത്. എന്നാൽ പ്രസിഡന്റ് സ്ഥാനാർഥിയായി ബൈഡൻ കമലാ ഹാരിസിനെ അംഗീകരിക്കില്ലെന്നും ന്യൂസ്‍മാക്സ് റിപ്പോർട്ടിൽ പറയുന്നു. ജോ ബൈഡൻ ഇത്തരം വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് അദ്ദേഹം ഇതുവരെ പറഞ്ഞത്. ബൈഡൻ പിൻമാറിയേക്കുമെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളും പറയുന്നു. മത്സരിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. പിന്നെയതിൽ മറ്റൊരു ചോദ്യവും ഉയരുന്നില്ലെന്ന് ബൈഡന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന കെഡ്രിക് റിച്ച്മോണ്ട് പറഞ്ഞു. ട്രംപുമായുള്ള സിഎൻഎൻ സംവാദത്തിലെ ബൈഡന്റെ മോശം പ്രകടനത്തിന് ശേഷം പ്രസിഡന്റ് സ്ഥാനാർഥിയെ പുനനിർണയിക്കണെമെന്ന് ആവശ്യം ഡെമോക്രാറ്റിക് പാർടിക്കുള്ളിൽ ശക്തമായിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ബൈഡനേക്കാൾ മികച്ചത് കമലാ ഹാരിസ് ആണെന്ന് സിഎന്നിന്റെ സർവേയും ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലാണ് ബൈഡൻ. കോവിഡിനൊടൊപ്പം ശ്വാസകോശ സംബന്ധമായ ചില പ്രശ്‌നങ്ങളും ബൈഡൻ കാണിക്കുന്നുണ്ട്. കോവിഡ് ലക്ഷണങ്ങൾ കുഴപ്പമില്ലാത്തതാണെന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ ടീം അറിയിച്ചു. അതേസമയം ട്രംപിന്റെ ക്യാമ്പുകൾ തെരഞ്ഞെടുപ്പിനായിയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ്. പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ നടന്ന വധശ്രമത്തിന് ശേഷം അദ്ദേഹത്തിന്റെ വിജയസാധ്യത കുതിച്ചുയർന്നതായാണ് റിപ്പോർട്ടുകൾ. Read on deshabhimani.com