തീ പാറി പ്രസിഡൻഷ്യൽ സംവാദം ; കമലയ്ക്ക് കൈയടി



വാഷിങ്‌ടൺ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പ്രസിഡൻഷ്യൽ സംവാദത്തില്‍ കൈയടി നേടി കമല ഹാരിസ്‌. ജോ ബൈഡൻ തറപറ്റിയ ആദ്യ സംവാദത്തിൽനിന്ന്‌ വിഭിന്നമായി, ഡോണൾഡ്‌ ട്രംപിന്‌ കമല കടുത്ത വെല്ലുവിളി ഉയർത്തി. സംവാദത്തില്‍ തറപറ്റിയതോടെ ബൈഡന്‍ തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറിയതാണ് ഡെമോക്രാറ്റിക്‌ പാർടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകാന്‍ കമലയ്‌ക്ക്‌ അവസരമൊരുക്കിയത്. ബൈഡന്റെ പിന്മാറ്റത്തിനു ശേഷമുള്ള ആദ്യ സംവാദമാണ്‌ ചൊവ്വാഴ്ച എബിസി ന്യൂസിൽ നടന്നത്‌. കമല ഹാരിസ്‌ മാർക്‌സിസ്റ്റ്‌ ആണെന്ന്‌ ട്രംപ്‌ പറഞ്ഞു. ഭ്രാന്തൻ നയങ്ങൾകൊണ്ട്‌ ബൈഡൻ–- കമല ഭരണം അമേരിക്കയെ നശിപ്പിച്ചെന്നും  ആരോപിച്ചു. എന്നാൽ, ലോകനേതാക്കൾ ട്രംപിനെ പരിഹസിച്ചു ചിരിക്കുകയാണെന്ന്‌ കമല തിരിച്ചടിച്ചു. മെക്‌സിക്കൻ അതിർത്തിവഴിയുള്ള കുടിയേറ്റത്തെ ‘ഭ്രാന്തന്മാരുടെ കുടിയേറ്റ’മെന്നാണ്‌ ട്രംപ്‌ വിശേഷിപ്പിച്ചത്‌. ട്രംപ്‌ ജയിച്ചാൽ ഗർഭഛിദ്രം ചെയ്യാനുള്ള  അവകാശം ഇല്ലാതാകുമെന്ന് കമല ഓര്‍മിപ്പിച്ചു. ഇസ്രയേൽ വിരുദ്ധയായ കമല പ്രസിഡന്റായാൽ രണ്ടുവർഷത്തിനുള്ളിൽ ഇസ്രയേൽ എന്ന രാഷ്ട്രംതന്നെ ഇല്ലാതാകുമെന്ന്‌ ട്രംപ്‌ പറഞ്ഞു. റഷ്യ–- ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കണമെന്ന്‌ പറഞ്ഞ ട്രംപ്‌, റഷ്യക്കെതിരെ  പ്രത്യക്ഷ വിമർശങ്ങളൊന്നും നടത്തിയില്ല.  വീണ്ടുമൊരു സംവാദത്തിന്‌ ട്രംപിനെ കമല ഹാരിസിന്റെ പ്രചാരണ സംഘം വെല്ലുവിളിച്ചു. സംവാദത്തിനുശേഷം ഇരുനേതാക്കളും ബൈഡനൊപ്പം സെപ്തംബര്‍11 ഭീകരാക്രമണ വാര്‍ഷിക പരി​പാടിയില്‍ പങ്കെടുത്തു. Read on deshabhimani.com

Related News