ഗാസയിലെ മരണങ്ങളിൽ നിശബ്ദയായിരിക്കില്ല; ഇസ്രയേലിനോട് കമലാ ഹാരിസ്
വാഷിംങ്ടൺ > ഗാസയിൽ നടത്തുന്ന ക്രൂരതകളിൽ മൗനമായിരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. നിരപരാധികളുടെ മരണങ്ങളിൽ ആശങ്കയുണ്ടെന്നും ഉടൻ സമാധാന കരാർ ഉണ്ടാക്കണമെന്നും അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനായി അമേരിക്കയിലെത്തിയ നെതന്യാഹുവിനോട് കമലാഹാരിസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് നെതന്യാഹു അമേരിക്കയിലെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും കൂടിക്കാഴ്ച നടത്തി. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയുടെ പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ് ആയിരിക്കും എന്നാണ് സൂചനകൾ. താൻ പ്രസിഡന്റായാൽ ഇസ്രയേലിനോടുള്ള സമീപനം ബൈഡന്റേതിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് കമലാഹാരിസ് നൽകിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഗാസ വിഷയത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ബൈഡന്റേത്. ഡെമോക്രാറ്റിക് സർക്കാർ നിലപാട് തിരുത്തണമെന്നും ഇസ്രയേലിനെ ഒറ്റപ്പെടുത്തണണെന്നും ആവശ്യപ്പെട്ട് അമേരിക്കയിലും വലിയ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. യുദ്ധമവസാനിപ്പിക്കാൻ അമേരിക്ക സമ്മർദ്ധം ചെലുത്തണമെന്ന് ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരുടെ ബന്ധുക്കളും ആവശ്യപ്പെടുന്നുണ്ട്. പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം കണക്കിലെടുത്ത് വ്യാഴാഴ്ച വൈറ്റ് ഹൗസ് പരിസരത്ത് കർശന സുരക്ഷ ഒരുക്കിയിരുന്നു. നിരപരാധികളായ മനുഷ്യർക്കു നേരെയുള്ള ആക്രമണത്തെയും ദുരന്തത്തിന്റെ വ്യാപ്തിയെയും സംബന്ധിച്ചുള്ള ആശങ്ക ഇസ്രയേൽ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ചർച്ചക്ക് ശേഷം കമലാ ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടങ്ങൾ അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്നും അമേരിക്ക നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വെടിനിർത്തൽ ആവശ്യത്തെ നെതന്യാഹു എതിർത്തതായാണ് റിപ്പോർട്ടുകൾ. Read on deshabhimani.com