ലക്ഷ്യം കൗമാരക്കാർ: രഹസ്യ ധാരണയുമായി മെറ്റയും ഗൂഗിളും; യൂട്യൂബ് വഴി പരസ്യ ക്യാമ്പയിൻ
കലിഫോർണിയ > കൗമാരക്കാരെ ലക്ഷ്യമിട്ട് പുതിയ രഹസ്യ ഉടമ്പടിയുമായി ടെക് ഭീമൻമാരായ മെറ്റയും ഗൂഗിളും. 13 മുതൽ 17 വരെ പ്രായത്തിലുള്ളവരെ ആകർഷിക്കാനായി ഇൻസ്റ്റഗ്രാമിന്റെ പരസ്യങ്ങൾ യൂട്യൂബ് വഴി കാണിക്കുന്നതിന് മെറ്റയും ഗൂഗിളും തമ്മിൽ ധാരണയുണ്ടാക്കിയതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഗൂഗിളിന്റെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഇത്തരത്തിൽ പരസ്യങ്ങൾ കാണിക്കുന്നത്. കൗമാരപ്രായത്തിലുള്ള യൂട്യൂബ് ഉപയോക്താക്കളെയാണ് മെറ്റ ലക്ഷ്യമിടുന്നത്. യൂട്യൂബ് ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫോണിൽ ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണാൻ സാധിക്കും. ഗൂഗിളിന്റെ 2021ൽ പുറത്തിറക്കിയ ചട്ടപ്രകാരം 18 വയസിൽ താഴെയുള്ള കുട്ടികളെ ലക്ഷ്യം വെക്കുന്ന തരത്തിൽ പരസ്യങ്ങൾ കാണിക്കുന്നത് കുറ്റകരമാണ്. എന്നാൽ ഗൂഗിളിന്റെ പരസ്യവിഭാഗത്തിൽ അൺനോൺ (UNKNOWN) എന്ന വിഭാഗത്തിലാണ് ഇത്തരം പരസ്യങ്ങൾ കാണിക്കുന്നത്. പരസ്യങ്ങൾ എത്തുന്നത് ഏത് പ്രായക്കാരിലേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഈ അജ്ഞാത വിഭാഗത്തിൽ ഉൾപ്പെടുന്നത് 13 മുതൽ 17 വരെ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള പരസ്യ ഏജൻസിയായ സ്പാർക്ക് ഫൗണ്ടറിയുടെ സഹായത്തോടെയാണ് പരസ്യ ക്യാമ്പയിൻ നടത്തിയതെന്നാണ് റിപ്പോർട്ട്. ഈ വർഷം ആദ്യം കാനഡയിൽ നടത്തിയ ക്യാമ്പയിൻ തുടർന്ന് യുഎസിലും പരീക്ഷിച്ചു. ശേഷം ആഗോളവ്യാപകമായി നടപ്പിലാക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ ഏറെ വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. മെറ്റയ്ക്കും ഗൂഗിളിനുമെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. Read on deshabhimani.com