എംപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരും: ലോകാരോ​ഗ്യ സം​ഘടന



ജനീവ > എംപോക്‌സ് ആ​ഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആ​ഗോള തലത്തിൽ എംപോക്‌സ് രോ​ഗബാധ ഉയരുന്ന സാഹചര്യത്തിലാണ് സ്ഥിരീകരണം.  എംപോക്‌സിന്റെ പുതിയ വകഭേദമായ ക്ലേഡ് 1ബി പടർന്ന് പിടിച്ചതോടെ കഴിഞ്ഞ  ആഗസ്‌തിലാണ് ആദ്യമായി ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലും സമീപരാഷ്ട്രങ്ങളിലും വൈറസ് രോഗമായ എംപോക്‌സ് വ്യാപകമായി പടർന്ന് പിടിച്ചിരുന്നു. കോംഗോയിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് ക്ലേഡ് 1ബി വകഭേദം പടരുകയായിരുന്നു. പിന്നീട് യുകെ, ജർമനി, സ്വീഡൻ, ഇന്ത്യ  എന്നിവിടങ്ങളിലും രോ​ഗം സ്ഥിരീകരികച്ചു. ഈ വർഷം, ആഫ്രിക്കയിലുടനീളം 46,000-ത്തിലധികം കേസുകളും 1,000-ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമ്പർക്കത്തിലൂടെ പടരുന്ന ഒരു വൈറൽ അണുബാധയാണ് എംപോക്‌സ്. വൈറസ് ജനുസ്സിൽപ്പെട്ട ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു ജനിതക വകഭേദങ്ങൾ എംപോക്‌സ് വൈറസിന്റേതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എച്ച്1എൻ1, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നീ രോഗങ്ങൾ വ്യാപിച്ചപ്പോഴാണ് ഇതിനുമുമ്പ്‌ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. Read on deshabhimani.com

Related News