ഹമാസ്‌ സൈനിക 
മേധാവിയെയും വധിച്ചു



ജറുസലേം രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയയെ വധിച്ചതിന്‌ തൊട്ടുപിന്നാലെ, ഹമാസിന്റെ സൈനിക മേധാവിയെയും വധിച്ചതായി സ്ഥിരീകരിച്ച്‌ ഇസ്രയേൽ.  ഒക്ടോബർ ഏഴിന്‌ ഇസ്രയേലിലേക്ക്‌ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനെന്ന്‌ കരുതപ്പെടുന്ന  മുഹമ്മദ്‌ ദെയ്‌ഫിനെയാണ്‌ വധിച്ചത്‌. ജൂലൈ 13ന്‌ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിലാണ്‌ ഇദ്ദേഹം കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ്‌ പ്രതികരിച്ചിട്ടില്ല. ഖാൻ യൂനിസിലേക്ക്‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറോളംപേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊല്ലപ്പെട്ടവരിൽ ദെയ്‌ഫുമുണ്ടെന്ന്‌ ഉറപ്പിച്ചത്‌.  1990കളിൽ ഹമാസിന്റെ സൈനിക വിഭാഗമായ ഖാസ്സം ബ്രിഗേഡ്‌ സ്ഥാപിച്ച നേതാക്കളിൽ ഒരാളാണ്‌ ദെയ്‌ഫ്‌. രണ്ട്‌ പതിറ്റാണ്ടോളം സേനയെ നയിക്കുകയും ചെയ്തു. ഇസ്രയേലിനെതിരെ നിരവധി ചാവേർ ബോംബാക്രമണങ്ങൾ ആസൂത്രണം ചെയ്ത്‌ നടപ്പാക്കി. ഹമാസിന്റെ ആയുധശേഖരം വിപുലീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ്‌ ദെയ്‌ഫെന്നും റിപ്പോർട്ടുകൾ പറയുന്നു.  2002ലുണ്ടായ ആക്രമണത്തിൽ ഒരു കണ്ണ്‌ നഷ്ടപ്പെട്ടു. Read on deshabhimani.com

Related News