ബഹിരാകാശ നിലയത്തിൽ 233 ദിവസം; സ്പേയ്‌സ് എക്സ് ക്രൂ-8 വിജയകരമായി ഭൂമിയിലെത്തി

അലക്‌സാണ്ടര്‍ ഗ്രെബെന്‍കിന്‍, മൈക്കൽ ബാരറ്റ്, മാത്യു ഡൊമിനിക്, ജീനെറ്റ് എപ്‌സ് എന്നിവർ ബഹിരാകാശ പേടകത്തിനുള്ളിൽ. നാസപുറത്തുവിട്ട ചിത്രം


മെക്സിക്കോ സിറ്റി > നാസയുടെ സ്പേയ്‌സ് എക്സ് ക്രൂ-8 വിജയകരമായി ഭൂമിയിൽ തിരിച്ചത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി 233 ദിവസത്തിന് ശേഷമാണ് നാലുപേരടങ്ങുന്ന ദൗത്യസംഘം സ്പേയ്‌സ് എക്സിന്റെ എൻഡവർ പേടകത്തിൽ ഭൂമിയിലിറങ്ങിയത്. മാര്‍ച്ചിലാണ് ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തില്‍ നാസയുടെ ബഹിരാകാശയാത്രികരായ മൈക്കൽ ബാരറ്റ്, മാത്യു ഡൊമിനിക്, ജീനെറ്റ് എപ്‌സ് എന്നിവരും റഷ്യന്‍ സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗ്രെബെന്‍കിനും ഐഎസ്എസിലെത്തിയത്. യാത്രികർ ആ​ഗസ്തിൽ തിരികെയെത്തുമെന്നായിരുന്നു ആദ്യഘട്ടത്തിൽ നാസ അറിയിച്ചത്. എന്നാല്‍ സുനിത വില്യംസും ബുച്ച് വിൽമോറും എത്തിയ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ തകരാറ് കാരണം അത് നീട്ടിക്കൊണ്ടുപോയി. നിലയത്തിൽ അധിക ജീവനക്കാരുടെ പിന്തുണ ആവശ്യമായിരുന്നതിനാലാണിത്. ഒക്ടോബര്‍ ഏഴിന് പിന്നീട് തിരിച്ചുവരവ് തീരുമാനിച്ചിരുന്നു. എന്നാൽ മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് അതും മാറ്റിവച്ചു. ബുധനാഴ്ച വൈകുന്നേരം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വേർപെട്ട പേടകം വെള്ളിയാഴ്ച പുലർച്ചെ 3:30നാണ് ഭൂമിയിൽ ഇറങ്ങിയത്. ആരോഗ്യം, മെറ്റീരിയൽ സയൻസ്, കൃഷി തുടങ്ങി വിവിധ മേഖലകളിൽ 200-ലധികം സുപ്രധാന ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തിയ ശേഷമാണ് ദൗത്യസംഘം മടങ്ങിയെത്തിയത്. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ അറിവ് വികസിപ്പിക്കാനും ദൗത്യം സഹായിച്ചുവെന്ന് നാസ അറിയിച്ചു. സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഭൂമിയിലേക്ക് മടങ്ങിവരാനുള്ള സ്പേസ് എക്‌സിന്റെ ക്രൂ-9 ഡ്രാഗണ്‍ പേടകം ഐഎസ്എസിലെത്തിയിട്ടുണ്ട്. നിക്ക് ഹഗ്യൂ, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയും വഹിച്ചാണ് പേടകം ബഹിരാകാശ നിലയത്തില്‍ വിജയകരമായി ഡോക് ചെയ്‌തത്. 2025 ഫെബ്രുവരിയിൽ ഭൂമിയില്‍ തിരിച്ചെത്താനാണ് പദ്ധതി. Read on deshabhimani.com

Related News