നേപ്പാൾ പ്രളയം: മരണസംഖ്യ 241; കാണാതായവർ 29 പേർ
കാഠ്‌മണ്ഡു > ശക്തമായ മഴയെത്തുടർന്ന് നേപ്പാളിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 241 ആയി ഉയർന്നു. കാണാതായ 29 പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ദുരന്തത്തിൽ 159 പേർക്ക് പരിക്കേറ്റു. കാഠ്മണ്ഡുവിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 4,000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി അറിയിച്ചു. ആയിരത്തിലധികം ആളുകൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിൽ പുരോഗമിക്കുന്നുവെന്നും നേപ്പാൾ സർക്കാർ പറഞ്ഞു. ദുരിതബാധിതർക്ക് ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സാമഗ്രികളും നേപ്പാൾ സർക്കാർ വിതരണം ചെയ്യുന്നുണ്ട്. വ്യാഴാഴ്ച മുതലാണ് അതിശക്തമായ മഴ നേപ്പാളിൽ ഉണ്ടായത്. തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ കേന്ദ്രീകരിച്ചുള്ള ഗവേഷണ കേന്ദ്രം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന്‍ ഡെവലപ്‌മെന്റ് അറിയിച്ചു. നേപ്പാൾ ആർമി, സായുധ പോലീസ് സേന, നേപ്പാൾ പോലീസ് എന്നിവരടക്കം 20,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി വിന്യസിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ലാൻഡ് റൂട്ടായ ത്രിഭുവൻ ഹൈവേയിൽ ഗതാഗതം പുനരാരംഭിച്ചതായി പൊഖാരെൽ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നേപ്പാളിലുടനീളം 322 വീടുകളും 16 പാലങ്ങളും തകർന്നു. Read on deshabhimani.com