കൊലപാതകം ഹരമാക്കി ഇസ്രയേൽ: അഭയാർഥി ക്യാമ്പും ആശുപത്രിയും തകർത്തു, നിരവധിപേർ കൊല്ലപ്പെട്ടു



ഗാസ സിറ്റി > ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം. സെൻട്രൽ ഗാസയിലെ നുസയ്‌റത്ത് അഭയാർഥി ക്യാമ്പിന് നേരെ സൈന്യം നടത്തിയ ആക്രമണത്തിൽ 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 17 പലസ്തീനികൾ കൊല്ലപ്പെട്ടു. അൻപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.  മരിച്ചവരിൽ പതിമൂന്ന് പേർ പതിനെട്ട് വയസ് തികയാത്തവരാണ്. ഹമാസിന്റെ താവളങ്ങളിലൊന്നായിരുന്നു സ്കൂളെന്നും അവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നുമാണ്  ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. ഹമാസിനെ തകർക്കുക എന്ന ലക്ഷ്യം ഇസ്രയേൽ പൂർത്തീകരിച്ചുവെന്നും വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതുമായുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ പുനരാരംഭിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ പറഞ്ഞതിന് പിന്നാലെയാണ്  ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഡസൻകണക്കിന് അഭയാർഥി ക്യാമ്പുകൾക്കും സ്കൂളുകൾക്കും നേരെ ഇസ്രയേൽ ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം നിരവധി സ്കൂളുകളിൽ ആക്രമണങ്ങൾ നടന്നു. ആ​ഗസ്ത് ഒന്നിന്  വടക്കൻ ഗാസ സിറ്റിയിലെ ദലാൽ അൽ-മുഗ്രാബി സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ആ​ഗസ്ത് മൂന്നിന് ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ 16 പേർ മരിച്ചു. സെപ്തംബർ 11ന് സെൻട്രൽ ഗാസയിൽ ഐക്യരാഷ്ട്ര സംഘടന നടത്തുന്ന അൽ-ജവാനി സ്‌കൂളിൽ ഇസ്രയേൽ സേന ആക്രമണം നടത്തി. പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ ആറ് ജീവനക്കാരുൾപ്പെടെ 18 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഈ മാസം പത്തിന് മധ്യ ഗാസയിലെ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിന് നേരെ ഉണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങളിലെല്ലാം കൊല്ലപ്പെട്ടവരിൽ അധികവും ഹമാസുമായി ഒരു ബന്ധവുമില്ലാത്ത കുട്ടികളും സ്ത്രീകളുമാണ്. വടക്കൻ ​ഗാസയിലെ ബെയ്ത്ത് ലെഹിയയിലെ കമൽ അദ്‌വാൻ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ​​ ബോംബാക്രമണത്തിൽ ഇൻകുബേറ്ററിലും വെന്റിലേറ്ററിലുമുണ്ടായിരുന്ന നിരവധി കുട്ടികളും മുതിർന്നവരും കൊല്ലപ്പെട്ടു.  ഇസ്രയേലിന്റെ മുൻ ആക്രമണങ്ങളിലും മറ്റും പരിക്കേറ്റ നൂറ് കണക്കിനാളുകൾ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നു. സൈന്യം ടാങ്കുകളും ബുൾഡോസറുകളുമായെത്തി ആശുപത്രിയിലുള്ള എല്ലാവരും ഉടൻ പുറത്തുപോകണമെന്ന് ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരും വെന്റിലേറ്റിലുള്ളവരും ഇൻകുബേറ്ററിലുള്ള നവജാതശിശുക്കളുമൊക്കെയായി നിരവധി പേർ ​​​ആശുപത്രിയിലുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ഇത് വകവെക്കാതെ ബോംബാക്രമണം നടത്തുകയായിരുന്നു. ഐസിയുവും ഓക്സിജൻ സ്റ്റേഷനുകളുമാണ് ആദ്യം തകർത്തത്. നിരവധി ഡോക്ടർമാരെ ബന്ദികളാക്കിയതായി വാർത്തയുണ്ട്. ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസുകൾ സൈന്യം തടയുകയും ചെയ്തു. ​ഗാസയിൽ സഹായവിതരണം ഉൾപ്പെടെ എത്തിക്കുന്നത് ഇസ്രയേൽ പരിമിതപ്പെടുത്തുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴ് മുതൽ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 42,847 പേർ കൊല്ലപ്പെടുകയും 1,00,544 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ​ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കിൽ ചൂണ്ടിക്കാണിക്കുന്നത്. കണക്കിൽപെടാത്ത നുറുകണക്കിന് പേരുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും പെട്ടുപോയിട്ടുണ്ട്. അതിനിടെ ലെബനനിൽ നടക്കുന്ന യുദ്ധം റിപ്പോർട്ട് ചെയ്യുന്ന മൂന്ന് മാധ്യമപ്രവർത്തകർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലെബനൻ്റെ തെക്കൻ ഹസ്ബയ്യ പ്രദേശത്തെ ഇവരുടെ താമസസ്ഥലത്താണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലെബനനിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള മൊത്തം മരണസംഖ്യ 2,593 ആയി.   Read on deshabhimani.com

Related News