ചരിത്രത്തിലാദ്യമായി ന്യൂയോർക്കിലെ സ്കൂളുകൾക്ക് ദീപാവലി അവധി



ന്യൂയോർക്ക് > ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് ന്യൂയോർക്ക് നഗരത്തിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ന്യൂയോർക്കിൽ ദീപാവലി അവധി പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ ദീപാവലി സവിശേഷമാണെന്നും നവംബർ ഒന്ന് അവധിയായിരിക്കുമെന്നും മേയർ ഓഫീസ് അറിയിച്ചു. ദീപാവലി ദിവസം സ്കൂളുകൾക്ക് അവധി നൽകണമെന്ന വർഷങ്ങളായുള്ള ആവശ്യം കഴിഞ്ഞ ജൂണിൽ ന്യൂയോർക്ക് മേയർ എറിക് ആഡംസ് അ​ഗീകരിച്ചിരുന്നു. 11 ലക്ഷത്തിലധികം കുട്ടികൾ പഠിക്കുന്ന ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച നീക്കം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും എന്നാൽ ഇന്ത്യൻ വിദ്യാർഥികൾക്കിനി ക്ലാസ് മുടക്കി ദീപാവലി അഘോഷിക്കേണ്ടതില്ലെന്നും മേയർ ഓഫിസിലെ ഡെപ്യൂട്ടി കമീഷണർ ദിലീപ് ചൗഹാൻ അറിയിച്ചു. ദീപാവലി വിളക്കുകളുടെ ഉത്സവമാണെന്നും ഹിന്ദുക്കളും ജൈനരും സിഖുകാരും ബുദ്ധമതക്കാരും എല്ലാവരും ആഘോഷിക്കുന്നതാണെന്നും ന്യൂയോർക്ക് സിറ്റിയിലെ വിദ്യാർഥികൾക്ക് ആഘോഷത്തിൽ പങ്കുചേരാൻ കഴിയുമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസും എക്സിലൂടെ ദീപാവലി ആശംസ അറിയിച്ചിട്ടുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് ലോക വ്യാപര സംഘടനയുടെ അടക്കം ന്യൂയോർക്ക് നഗരത്തിലെ വിവിധ കെട്ടിടങ്ങൾ ദീപാലംകൃതമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾ നടത്തി. എക്സിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വൈറ്റ് ഹൗസ് എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു.   Read on deshabhimani.com

Related News