സിഖ് വിഘടനവാദികൾക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ അമിത് ഷായെന്ന് കാനഡ
ഒട്ടാവ > കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് കാനഡ. വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിലൂടെയാണ് കാനഡയുടെ പുതിയ ആരോപണം പുറത്ത് വന്നിരിക്കുന്നത്. പത്രത്തോട് ഇക്കാര്യം അറിയിച്ചത് താനാണെന്ന് കാനഡയുടെ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസൺ പാർലമെന്ററി സമിതി മുൻപാകെ വ്യക്തമാക്കി. വാഷിങ്ടൺ പോസ്റ്റിന്റെ പ്രതിനിധി തന്നെ വിളിച്ച് അമിത് ഷാ ആണോ ആ വ്യക്തിയെന്ന് ചോദിച്ചെന്നും താൻ സ്ഥിരീകരിച്ചുവെന്നും മോറിസൺ പറഞ്ഞു. വിഷയത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനോ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. എന്നാൽ കാനഡയുടെ തെളിവുകൾ വളരെ ദുർബലമാണെന്നും അത് ആഭ്യന്തര മന്ത്രിക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്നതിന് കാനഡയുടെ പക്കൽ വിശ്വസനീയമായ തെളിവുകൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുമ്പ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡയും കനേഡിയൻ ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കുകയും ചെയ്തിരുന്നു. പുതിയ ആരോപണവുമായി കാനഡ വീണ്ടും രംഗത്ത് വന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കം നീണ്ടു പോകാനാണ് സാധ്യത. Read on deshabhimani.com