അറുതിയില്ലാതെ കൂട്ടക്കുരുതി ; ഗാസയിലെ കൊലവിളിക്ക് ഒരാണ്ട്



ഗാസ സിറ്റി ​ഗാസയിലെ വംശഹത്യയുദ്ധത്തിന് ഒരാണ്ട് തികയവെ, കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍. അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനെ നേരിട്ട് ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ലബനനിലും ​ഗാസയിലും വ്യോമാക്രമണം ശക്തമാക്കിയത്. മധ്യ ഗാസയിലെ ദെയ്‌ർ അൽ ബലായിൽ മോസ്‌കിലും സ്‌കൂളിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. കടന്നാക്രമണത്തിൽ സർവതും നഷ്‌ടമായ ഗാസനിവാസികൾ തങ്ങിയ ഇടങ്ങളാണിത്‌. വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിലും ആക്രമണമുണ്ടായി. ഒമ്പത്‌ കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടു. മേഖലയിൽ കടുത്ത ആക്രമണം നടത്തുമെന്നും ഇവിടെയുള്ളവർ സൈന്യം  മാനുഷിക ഇടനാഴിയായി പ്രഖ്യാപിച്ചിട്ടുള്ള അൽ മവാസിയിലേക്ക്‌ മാറണമെന്നും സൈന്യം അന്ത്യശാസനം നൽകി. മധ്യ ഗാസയിലുള്ളവരും ഒഴിഞ്ഞുപോകണമെന്ന്‌ ശനിയാഴ്ച ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. ഗാസയിൽ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 41,870 ആയി. 97,166 പേർക്ക്‌ പരിക്കേറ്റു.   ​ഗാസയില്‍നിന്ന്‌ റോക്കറ്റ് യുദ്ധത്തില്‍ തരിപ്പണമായ ​ഗാസയില്‍നിന്ന്‌ ഇസ്രയേലിലേക്ക് റോക്കറ്റ് തൊടുത്തതായി റിപ്പോര്‍ട്ട്. ​തെക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായെന്നും ഒരെണ്ണം തടഞ്ഞിട്ടെന്നും മറ്റുള്ളവ തുറസ്സായ മേഖലയിലാണ് പതിച്ചതെന്നും  ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. ഇറാന് ഭീഷണി ഇറാനെ കാത്തിരിക്കുന്നത്‌ ഗാസയുടെയും ബെയ്‌റൂട്ടിന്റെയും ഗതിയായിരിക്കുമെന്ന്‌ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌. ഇസ്രയേലിന്റെ വ്യോമസേനയെ ഇറാന്‌ സ്‌പർശിക്കാനായിട്ടില്ല. ഇറാന്റെ ആക്രമണത്തിന്‌ ഇസ്രയേൽ തക്കതായ സമയത്ത്‌ തക്കതായ രീതിയിൽ തിരിച്ചടി നൽകുമെന്നാണ്‌ ഗാലന്റിന്റെ ഭീഷണി. Read on deshabhimani.com

Related News