അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനൽ കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് ഉണ്ടായേക്കും
റിയാദ് > സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും. സൗദി സമയം രാവിലെ ഒമ്പത് മണിയോടെ റിയാദ് ക്രിമിനൽ കോടതിയുടെ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നാണ് വധശിക്ഷയിൽനിന്ന് ഒഴിവാക്കിയത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) ആണ് മലയാളികൾ ഒന്നാകെ ശേഖരിച്ച് നൽകിയത്. തുടർന്നാണ് റഹീമിനായി സമർപ്പിച്ച അപേക്ഷയിൽ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ദിയാധനത്തിന് പുറമെ 7.5 ലക്ഷം റിയാൽ അഭിഭാഷകന് ഫീസിനത്തിലും നൽകി. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. 18 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തിൽ പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇന്ന് കേസ് പരിഗണിക്കുമ്പോൾ ജയിൽ മോചന ഉത്തരവ് ആണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂൾ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006ലാണ് സൗദിയിലെത്തിയത്. ഒരു മാസം തികയുംമുമ്പ് ഡിസംബർ 26ന് ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് കുടുംബം മടങ്ങിയെത്തിയത്. Read on deshabhimani.com