ബോംബുകളെ ചെറുക്കാന്‍ "വാക്സിന്‍' എവിടെ



ഗാസ സിറ്റി കൈകാലുകളുടെ ചലനശേഷിയടക്കം കവരുന്ന പോളിയോ വൈറസിൽനിന്ന്‌ രക്ഷിക്കാൻ ലോകം അവർക്ക്‌ വാക്സിൻ നൽകി. എന്നാൽ, ഇസ്രയേലിന്റെ ബോംബാക്രമണത്തിൽനിന്ന്‌ അവർക്ക്‌ രക്ഷയുണ്ടായില്ല. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഇടപെടലിൽ ഗാസയിൽ നടത്തിയ ക്യാമ്പെയ്‌നിൽ പോളിയോ വാക്സിനെടുത്ത്‌ മടങ്ങിയ മൂന്നുവയസ്സുകാരിക്ക്‌ ഇസ്രയേൽ ബോംബാക്രമണത്തിൽ രണ്ടുകാലും നഷ്ടമായി. ആശുപത്രിയിൽ മറ്റ്‌ കുട്ടികളെ നോക്കി പെണ്‍കുഞ്ഞ് ചോദിക്കുന്നു–- ‘‘എന്റെ കാലുകൾ എവിടെപ്പോയി?’’ ഇസ്രയേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ്‌ ആശുപത്രിയിൽ കഴിയുന്ന ഹനാൻ അൽ ദഖിയുടെ ചിത്രമാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടത്‌. പതിറ്റാണ്ടുകൾക്കുശേഷം  പോളിയോ വൈറസ്‌ ബാധ വീണ്ടും കണ്ടെത്തിയതോടെയാണ്‌ ഗാസയിൽ ഘട്ടംഘട്ടമായി 4,48,425 കുട്ടികൾക്ക്‌ വാക്സിൻ നൽകിയത്‌. സെപ്തംബർ രണ്ടിന്‌ രാവിലെ ദെയ്‌ർ അൽ ബലായിലെ ക്യാമ്പിൽ അമ്മ ഷൈമയ്ക്കൊപ്പം എത്തി ഹനാനും ഇളയ സഹോദരി മിസ്കും വാക്സിൻ സ്വീകരിച്ചു. തൊട്ടടുത്ത ദിവസം ഇവരുടെ വീട്ടിലേക്ക്‌ ഇസ്രയേൽ ബോംബിട്ടു.  ഷൈമ കൊല്ലപ്പെട്ടു. ഹനാന്റെ രണ്ട്‌ കാലും അറ്റുപോയി. മിസ്കിന്റെ ഒരു കാൽ മുറിച്ചുമാറ്റി. അച്ഛൻ മുഹമ്മദ്‌ അൽ ദഖിക്കും പരിക്കേറ്റു.  Read on deshabhimani.com

Related News