ട്രംപിന് താക്കീതായി ഓസ്‌കര്‍വേദി
ലോസാഞ്ചലസ് > പതിവിനു വിരുദ്ധമായി കൃത്യമായ രാഷ്ട്രീയം പ്രകടമാക്കി 89-ാം ഓസ്കര്‍ പുരസ്കാരദാനച്ചടങ്ങ് ചരിത്രപരമായ കടമ നിറവേറ്റി. വെളുത്തവന്റെ അപ്രമാദിത്തത്തെ കടപുഴക്കിയെറിഞ്ഞതിന്റെ പേരിലാവും വിശ്വസിനിമാവേദിയുടെ പുത്തന്‍ അധ്യായം എക്കാലവും ഓര്‍മിക്കപ്പെടുക. മൂണ്‍ലൈറ്റിലെ ചിത്രത്തിലെ അഭിനയത്തിന് മഹെര്‍ഷലാ അലി എന്ന കറുത്തവംശക്കാരന് മികച്ച സഹനടനുള്ള പുരസ്കാരം നല്‍കിക്കൊണ്ട് ചടങ്ങ് ആരംഭിച്ചതുതന്നെ സന്ദര്‍ഭോചിതമായി. കറുത്തവന്റെ ചിത്രമായ മൂണ്‍ലൈറ്റ് നാടകീയരംഗങ്ങള്‍ക്കൊടുവില്‍ മികച്ചചിത്രമായി പ്രഖ്യാപിച്ചതോടെയാണ് ചടങ്ങിന് തിരശ്ശീലവീണത്. അമേരിക്കയ്ക്ക് അകത്തും പുറത്തും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ അലയടിക്കുന്ന പ്രതിഷേധംഓസ്കര്‍ പ്രഖ്യാപനച്ചടങ്ങില്‍ നിഴലിച്ചു. പ്രധാന അവതാരകന്‍ ജിമ്മി കെമ്മല്‍ ആരംഭിച്ചതുതന്നെ ട്രംപിനെ പരിഹസിച്ചുകൊണ്ടാണ്. ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അല്‍പ്പനേരം നമുക്ക് ഒരുമിച്ചിരിക്കാം എന്ന വാക്കുകളോടെയാണ് അദ്ദേഹം തുടങ്ങിയത്. പുരസ്കാരപ്രഖ്യാപനത്തിന് വന്ന അതിഥികളിലും പുരസ്കാരം ഏറ്റുവാങ്ങിയവരിലും പലരും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ പരസ്യമായി തള്ളിപ്പറഞ്ഞു. വെളുത്ത ദേശീയത അമേരിക്കയില്‍ വിദ്വേഷ ആക്രമണങ്ങളിലേക്ക് നീങ്ങുമ്പോഴാണ് ഇത്തവണ ആദ്യ ഓസ്കര്‍ പുരസ്കാരം കറുത്തവന്‍ ഏറ്റുവാങ്ങിയത്. മുസ്ളിംരാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെ വിലക്കുന്ന ട്രംപിന്റെ നാട്ടില്‍ അലിയിലൂടെ ഒരു മുസ്ളിംനടന്‍ ആദ്യമായി ഓസ്കര്‍ നേടിയെന്നതും ചരിത്രത്തിലെ യാദൃച്ഛികത. മികച്ച വിദേശഭാഷാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഇറാനിയന്‍ ചിത്രം 'ദ സെയില്‍സ്മാനി'ന്റെ സംവിധായകനും അണിയറപ്രവര്‍ത്തകരും പുരസ്കാരദാനച്ചടങ്ങിനെത്തിയില്ല. എന്നാല്‍, ലോകത്തെ വിഭജിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്ന സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ സന്ദേശം സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ഫെന്‍സസ് എന്ന ചിത്രത്തില്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ വയോള ഡേവിസുംകറുത്തവംശജയാണ്. 14 നോമിനേഷനുമായെത്തിയ 'ലാ ലാ ലാന്‍ഡ്' ആറു പുരസ്കാരം നേടി ശ്രദ്ധേയമായി. ചിത്രത്തിന്റെ സംവിധായകന്‍ ഡാമിയന്‍ ഷാസെല്‍ ഈ പുരസ്കാരം നേടുന്ന പ്രായംകുറഞ്ഞ വ്യക്തിയെന്ന റെക്കോഡിനുടമയായി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമ്മ സ്റ്റോണ്‍ മികച്ച നടിയായി. ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, ഗാനം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ലാ ലാ ലാന്‍ഡിനെ തേടിയെത്തി. മാഞ്ചെസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്ലെക് മികച്ച നടനായി. ഓസ്കര്‍ ചരിത്രത്തിലെ വലിയ അബദ്ധത്തിനും ഡോള്‍ബി തിയറ്റര്‍ ഇത്തവണ വേദിയായി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലാ ലാ ലാന്‍ഡിനാണ് ആദ്യം പ്രഖ്യാപിച്ചത്. അണിയറപ്രവര്‍ത്തകര്‍ വേദിയിലെത്തി പുരസ്കാരം ഏറ്റുവാങ്ങി. തുടര്‍ന്ന് നാടകീയരംഗങ്ങള്‍. അവതാരകന്റെ കൈയില്‍ കൊടുത്ത കവര്‍ മാറിപ്പോയതാണ് പ്രശ്നമായത്. ഒടുവില്‍ ബാരി ജെന്‍കിന്‍സ് സംവിധാനംചെയ്ത മൂണ്‍ലൈറ്റാണ് മികച്ച ചിത്രമെന്ന് ലാ ലാ ലാന്‍ഡിന്റെ നിര്‍മാതാക്കള്‍തന്നെ പ്രഖ്യാപിച്ചു. Read on deshabhimani.com